ലണ്ടൻ: ലോകമെമ്പാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുന്നതായി പുതിയ പഠന റിപ്പോർട്ട്. ‘ഗ്ലോബൽ കോയലിഷൻ ടു പ്രൊട്ടക്ട് എഡ്യൂക്കേഷൻ ഫ്രം അറ്റാക്ക്’ (GCPEA) തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2024, 2025 വർഷങ്ങളിൽ വിദ്യാഭ്യാസ മേഖലയ്ക്ക് നേരെ നടന്ന ആക്രമണങ്ങളിൽ 40 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായിരിക്കുന്നത്. ഇക്കാലയളവിൽ 8,556 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 10,600-ലധികം പേർ കൊല്ലപ്പെടുകയോ, പരിക്കേൽക്കുകയോ, തട്ടിക്കൊണ്ടുപോകലിനിരയാവുകയോ ചെയ്തിട്ടുണ്ട്.
ലോകത്തിലെ 83 രാജ്യങ്ങളിലാണ് ഇത്തരത്തിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ പലസ്തീൻ, യുക്രെയ്ൻ, കൊളംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, ഹെയ്തി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ അക്രമ സംഭവങ്ങൾ രേഖപ്പെടുത്തിയത്. യുക്രെയ്നിൽ സ്കൂളുകൾക്ക് നേരെ ഒൻപതുനൂറോളം ആക്രമണങ്ങൾ ഉണ്ടായപ്പോൾ, പലസ്തീനിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നേരെ 2,400-ലധികം ആക്രമണങ്ങളാണ് ഉണ്ടായത്. കൂടാതെ, സൈനിക ശക്തികളോ ആയുധധാരികളായ മറ്റ് ഗ്രൂപ്പുകളോ സ്കൂളുകളും സർവ്വകലാശാലകളും കൈയേറുന്ന പ്രവണത മുൻ വർഷങ്ങളെ അപേക്ഷിച്ച് 91 ശതമാനം വർദ്ധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
മ്യാൻമർ, നൈജീരിയ, യെമൻ, കാമറൂൺ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ ഇതിനിരയായത്. ഈ നാല് രാജ്യങ്ങളിലായി ആയിരത്തിഎഴുന്നൂറിലധികം വിദ്യാർത്ഥികളും അധ്യാപകരും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു. നൈജീരിയയിൽ എഴുന്നൂറിലധികം പേരെ തട്ടിക്കൊണ്ടുപോയപ്പോൾ, മ്യാൻമറിൽ എൺപതോളം പേർ കൊല്ലപ്പെടുകയും ഇരുനൂറ്റിനാല്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 11 രാജ്യങ്ങളിൽ പെൺകുട്ടികളെ ലക്ഷ്യം വച്ചായിരുന്നു അക്രമങ്ങൾ. ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ പോലും തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. ഡ്രോണുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് പലയിടത്തും സ്കൂൾ കെട്ടിടങ്ങൾ തകർത്തത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യങ്ങൾ തമ്മിലുള്ള ആഭ്യന്തര-അന്തർദേശീയ യുദ്ധങ്ങൾ ഏറ്റവും ഉയർന്ന നിലയിലെത്തിയ വർഷമാണ് 2025. ഉപ്സാല സർവകലാശാലയുടെ കണക്കുകൾ പ്രകാരം 2025-ൽ ലോകത്താകെ 65 സായുധ സംഘർഷങ്ങളാണ് നടന്നത്. 1994-ലെ റുവാണ്ടൻ വംശഹത്യയ്ക്ക് ശേഷം ലോകം കണ്ട ഏറ്റവും രക്തരൂഷിതമായ വർഷങ്ങളിലൊന്നാണ് കടന്നുപോയത്. 2025-ൽ മാത്രം വിവിധ സംഘർഷങ്ങളിലായി 2,44,000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ജനീവ കൺവെൻഷന്റെയും നഗ്നമായ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ കുട്ടികളെ സംരക്ഷിച്ചിരുന്ന മാനദണ്ഡങ്ങളെല്ലാം തകരുകയാണെന്നും, അക്രമികൾക്ക് അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് കൃത്യമായ ശിക്ഷാനടപടികൾ ലഭിക്കാത്തതും വിവിധ രാജ്യങ്ങൾ മാനുഷിക സഹായങ്ങൾ വെട്ടിക്കുറച്ചതുമാണ് സ്ഥിതിഗതികൾ ഇത്രയും വഷളാകാൻ കാരണമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. സ്കൂളുകളുടെ സൈനിക ഉപയോഗം അവസാനിപ്പിക്കാനും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും ലോകരാജ്യങ്ങൾ തയ്യാറാകണമെന്ന് ജി.സി.പി.ഇ.എ. ആവശ്യപ്പെട്ടു.

