വാർസോ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ശക്തനായ വിമർശകനും പ്രശസ്ത റഷ്യൻ ചിത്രകാരനുമായ സെമിയോൺ സ്ക്രെപെറ്റ്സ്കി എന്ന റോബർട്ട് കുസോവ്കോവ് കിഴക്കൻ പോളണ്ടിലെ ബിയാല പോഡ്‌ലാസ്ക നഗരത്തിൽ വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് റഷ്യൻ ഭരണകൂടത്തെ നിരന്തരം വിമർശിച്ചിരുന്ന കലാകാരന് നേരെ ആക്രമണമുണ്ടായതെന്ന് പോളണ്ട് പ്രൊസിക്യൂഷൻ സ്ഥിരീകരിച്ചു.
ലുബ്ലിൻ ജില്ലാ പ്രൊസിക്യൂട്ടർ ഓഫീസിന്റെ വക്താവ് മാർസിൻ കൊസാക്ക് മാധ്യമങ്ങളോട് വ്യക്തമാക്കിയതനുസരിച്ച്, തലയ്ക്കടക്കം അഞ്ച് തവണയാണ് അക്രമി ഇദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബെലാറസ് പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇവർക്കെതിരെ നിലവിൽ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ല.
കൊല്ലപ്പെട്ട റോബർട്ട് കുസോവ്കോവ് റഷ്യൻ അധികാരികളുടെ നിലപാടുകൾക്കെതിരെയും പുടിൻ ഭരണകൂടത്തിനെതിരെയും തന്റെ കാരിക്കേച്ചറുകളിലൂടെയും പെർഫോമൻസ് ആർട്ടിലൂടെയും കടുത്ത വിമർശനം ഉന്നയിച്ചിരുന്ന വ്യക്തിയാണ്. രാഷ്ട്രീയ പീഡനങ്ങൾ ഭയന്ന് 2021 മുതൽ ഇദ്ദേഹം പോളണ്ടിലാണ് താമസിച്ചുവന്നിരുന്നത്.
കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുൻപ്, ജൂൺ 12-ലെ ‘റഷ്യൻ ദിന’ത്തിൽ ജർമ്മനിയിലെ ബെർലിനിലുള്ള റഷ്യൻ എംബസിക്ക് മുന്നിൽ ഇദ്ദേഹം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ജോസഫ് സ്റ്റാലിൻ ഒരു കുഞ്ഞ് പുടിനെ കൈകളിൽ പിടിച്ചിരിക്കുന്ന രീതിയിലുള്ള ആക്ഷേപഹാസ്യ ചിത്രം പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു സ്ക്രെപെറ്റ്സ്കിയുടെ പ്രതിഷേധം. ഇതിന് പിന്നാലെ തനിക്ക് വലിയ രീതിയിലുള്ള ഭീഷണികൾ വന്നിരുന്നതായി അദ്ദേഹം തന്റെ ടെലിഗ്രാം ചാനലിലൂടെ വെളിപ്പെടുത്തി മണിക്കൂറുകൾക്കകമാണ് കൊലപാതകം നടന്നത്.
റഷ്യൻ വിമർശകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ പോളണ്ടിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയും പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യൻ ചാരന്മാരും അട്ടിമറി സംഘങ്ങളും പോളണ്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ഈ കൊലപാതകത്തെ അതീവ ഗൗരവത്തോടെയാണ് പോളണ്ട് ഭരണകൂടം കാണുന്നത്. അതേസമയം സംഭവത്തിൽ വാർസോയിലെ റഷ്യൻ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല

