കേരളം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷിഗല്ല ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, പൊതുജനങ്ങളും ഭക്ഷണശാലകളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പകർച്ചവ്യാധികൾ തടയുന്നതിനായി ഭക്ഷണപാനീയങ്ങളുടെ ശുചിത്വം ഉറപ്പാക്കാൻ കർശന നിർദ്ദേശങ്ങളാണ് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
ആരോഗ്യ വകുപ്പിന്റെ പ്രധാന നിർദ്ദേശങ്ങൾ താഴെ നൽകുന്നു:
കുടുവെള്ള ശുചിത്വം: കുടിക്കാൻ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക. വെള്ളം കുറഞ്ഞത് 20 മിനിറ്റെങ്കിലും തിളപ്പിച്ചതാണെന്ന് ഉറപ്പുവരുത്തണം. തിളപ്പിച്ച വെള്ളത്തിൽ യാതൊരു കാരണവശാലും തിളപ്പിക്കാത്ത വെള്ളം ചേർക്കാൻ പാടില്ല. കിണർ വെള്ളം ഉപയോഗിക്കുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ളോറിനേറ്റ് ചെയ്യണം. ക്ലോറിനേറ്റ് ചെയ്ത ജലവും തിളപ്പിച്ച ശേഷം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ.
വ്യക്തിശുചിത്വവും ആഹാരവും: ആഹാരപാനീയങ്ങൾ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും ശുചിത്വ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധിക്കണം. ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപും ശൗചാലയങ്ങൾ ഉപയോഗിച്ച ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. ആഹാര പദാർത്ഥങ്ങൾ തുറന്നു വെക്കരുത്. പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പൂർണ്ണമായും ഒഴിവാക്കുകയും ചൂടുള്ള ഭക്ഷണം മാത്രം നൽകാൻ ശ്രദ്ധിക്കുകയും വേണം.
ഭക്ഷണശാലകൾക്കുള്ള നിർദ്ദേശങ്ങൾ: ഹോട്ടലുകൾ, കാന്റീനുകൾ, സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങി ആഹാരപദാർത്ഥങ്ങൾ പാകം ചെയ്തു വിതരണം ചെയ്യുന്ന ജീവനക്കാർക്ക് നിർബന്ധമായും ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം. കിണർ ക്ലോറിനേറ്റ് ചെയ്ത തീയതി, ഫിൽറ്ററുകൾ സർവീസ് ചെയ്ത വിവരങ്ങൾ എന്നിവ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം.
രോഗലക്ഷണങ്ങൾ ഉള്ളവർ യാതൊരു കാരണവശാലും ആഹാര പദാർത്ഥങ്ങൾ കൈകാര്യം ചെയ്യാൻ പാടില്ല. പകർച്ച വ്യാധികൾക്ക് ഇടയാക്കുന്ന രീതിയിൽ ആഹാര പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നത് പൊതുജനാരോഗ്യ നിയമം 2023 (Public Health Act 2023) പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഓർമ്മിപ്പിച്ചു.

