മനഃശാസ്ത്ര ചികിത്സയിൽ വിശ്വാസമില്ലായിരുന്നു; പത്തു വയസ്സുകാരിയെ കൊലപ്പെടുത്തിയ കൗമാരക്കാരിയുടെ അമ്മയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

സിഡ്നി: ലോകത്തെ നടുക്കിയ പത്തുവയസ്സുകാരി ബിഡ്ഡി പോർട്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ കൗമാരക്കാരിയുടെ അമ്മ നടത്തിയ വെളിപ്പെടുത്തലുകൾ ഞെട്ടലുളവാക്കുന്നു. തനിക്ക് മാനസികാരോഗ്യ ചികിത്സകളിൽ വിശ്വാസമില്ലായിരുന്നുവെന്നും, മകളുടെ അസ്വാഭാവിക പെരുമാറ്റങ്ങൾക്ക് പരിഹാരമായി ഒരു പ്രകൃതിദത്ത ഔഷധവിദഗ്ദ്ധനെയാണ് സമീപിച്ചതെന്നും അമ്മ കോടതിയിൽ സമ്മതിച്ചു.

തനിക്ക് “എല്ലായ്‌പ്പോഴും ആളുകളെ കൊല്ലാൻ തോന്നാറുണ്ട്” എന്ന് 14-കാരിയായ മകൾ അമ്മയോട് തുറന്നുപറഞ്ഞ് കൃത്യം രണ്ടാഴ്ചയ്ക്ക് ശേഷമാണ്, സ്കൂൾ അവധിക്കാലം ആഘോഷിക്കാൻ എത്തിയ ബിഡ്ഡി പോർട്ടർ എന്ന പത്തുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെടുന്നത്. 2020 ജൂലൈ 8-നായിരുന്നു സംഭവം. തുടർന്ന് നടത്തിയ മനഃശാസ്ത്ര പരിശോധനകളിൽ കുട്ടിക്ക് കടുത്ത സ്‌കീസോഫ്രീനിയരോഗമാണെന്നും യാഥാർത്ഥ്യ വുമായി യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയിലായിരുന്നു കൊലപാതകം നടത്തിയതെന്നും കണ്ടെത്തിയിരു ന്നു. ഇതിനാൽ 2021-ൽ കോടതി കുട്ടിയെ ക്രിമിനൽ കുറ്റവാളിയായി കാണാനാകില്ലെന്ന് വിധിച്ച് മെന്റൽ ഹെൽത്ത് ട്രിബ്യൂണലിന്റെ കസ്റ്റഡിയിലേയ്ക്ക്‌ മാറ്റിയിരുന്നു.

മരണപ്പെട്ട ബിഡ്ഡിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം ലിഡ്കോംബ് കൊറോണേഴ്സ് കോടതിയിൽ നടക്കുന്ന പ്രത്യേക അന്വേഷണത്തിലാണ് അമ്മയുടെ ഈ ഞെട്ടിക്കുന്ന മൊഴി പുറത്തുവന്നത്. കൊലപാതകത്തിന് മുൻപ് തന്നെ സ്വന്തം ശരീരത്തിന് മുറിവേൽപ്പിക്കുക, കത്തികളോട് അമിത താല്പര്യം കാണിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കുട്ടി കാണിച്ചിരുന്നു. 2019-ൽ വീട്ടിലെ ആറ് കോഴികളെ കുട്ടി ക്രൂരമായി കൊന്നൊടുക്കിയപ്പോൾ എന്തുകൊണ്ട് ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചില്ല എന്ന ചോദ്യത്തിന്, “മാനസികാരോഗ്യം എന്നത് എന്റെ ചിന്തകളിൽ പോലുമില്ലാത്ത കാര്യമായിരുന്നു. എനിക്ക് അതിൽ വിശ്വാസവുമില്ലായിരുന്നു,” എന്നായിരുന്നു അമ്മയുടെ മറുപടി. അന്ധമായ അവിശ്വാസവും അനാസ്ഥയും എങ്ങനെ ഒരു കുരുന്നിന്റെ ജീവനെടുത്തു എന്നതിലേക്ക് വിരൽചൂണ്ടുന്നതാണ് പുതിയ കോടതി നടപടികൾ

Leave a Reply

Your email address will not be published. Required fields are marked *