മെൽബൺ: ലോകമെമ്പാടും ദശലക്ഷക്കണക്കിന് പക്ഷികളുടെ മരണത്തിന് കാരണമായ മാരകമായ എച്ച്5എൻ1 (H5N1) പക്ഷിപ്പനി വൈറസ് ഓസ്‌ട്രേലിയയിലും സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ തീരത്ത് കണ്ടെത്തിയ ഒരു കുടിയേറ്റ കടൽപക്ഷിയിലാണ് (Brown Skua) രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഈ മാരക വൈറസ് ബാധിക്കാത്ത ഒരേയൊരു ഭൂഖണ്ഡം എന്ന പദവി ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായി.
ദക്ഷിണ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ കേപ് ലെ ഗ്രാൻഡ് നാഷണൽ പാർക്കിൽ കഴിഞ്ഞ ഞായറാഴ്ച രോഗബാധിതനായി കണ്ടെത്തിയ പക്ഷി പിന്നീട് ചത്തു. ഇതേ പ്രദേശത്ത് രോഗലക്ഷണങ്ങളോടെ കണ്ടെത്തിയ മറ്റൊരു വലിയ കടൽപക്ഷിക്കും (Giant Petrel) രോഗബാധയുള്ളതായി പ്രാഥമിക പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. ഇതിന്റെ സാമ്പിളുകൾ കൂടുതൽ സ്ഥിരീകരണത്തിനായി ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.
എന്നെങ്കിലും ഒരിക്കൽ ഈ വൈറസ് രാജ്യത്ത് എത്തുമെന്ന് തങ്ങൾക്ക് അറിയാമായിരുന്നു എന്ന് ഓസ്‌ട്രേലിയൻ കൃഷിമന്ത്രി ജൂലി കോളിൻസ് മാധ്യമങ്ങളോട് പറഞ്ഞു. വന്യജീവികളിൽ രോഗം എത്രത്തോളം പടർന്നിട്ടുണ്ടെന്ന് കണ്ടെത്താനായി ദേശീയതലത്തിൽ ഏകോപിപ്പിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അവർ വ്യക്തമാക്കി.
പക്ഷിപ്പനിയുടെ വരവ് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസ് പ്രതികരിച്ചു. എന്നാൽ രാജ്യം ഇതിനെ നേരിടാൻ നേരത്തെ തന്നെ തയ്യാറെടുത്തിരുന്നുവെന്നും രോഗവ്യാപനം തടയുന്നതിനായി 113 ദശലക്ഷം ഡോളർ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശരാജ്യങ്ങളിൽ വന്യജീവി സമ്പത്തിനെ ഒന്നടങ്കം തുടച്ചുനീക്കിയ വൈറസാണിതെന്നും ഓസ്‌ട്രേലിയയിലെ തദ്ദേശീയ പക്ഷികളെയും സസ്തനികളെയും സംരക്ഷിക്കാനുള്ള നീണ്ട പോരാട്ടത്തിന്റെ തുടക്കമാണിതെന്നും ബേർഡ്‌ലൈഫ് ഓസ്‌ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് കേറ്റ് മില്ലർ മുന്നറിയിപ്പ് നൽകി.
നിലവിൽ രാജ്യത്തെ കോഴിഫാമുകളിലോ മറ്റ് കാർഷിക മേഖലകളിലോ രോഗബാധ കണ്ടെത്തിയിട്ടില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ബെത് കുക്‌സൺ അറിയിച്ചു. പൊതുജനങ്ങൾ ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളുമായി സമ്പർക്കം പുലർത്തരുതെന്നും, അത്തരം പക്ഷികളെ കണ്ടാൽ ചിത്രങ്ങൾ പകർത്തി ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും സുരക്ഷാ നിർദ്ദേശമുണ്ട്

