പ്രസവാനന്തരം ആശുപത്രിയിൽ നിന്നും ‘ആഡംബര വിരുന്ന് ; ഞെട്ടിച്ച് സിഡ്‌നിയിലെ സ്വകാര്യ ആശുപത്രി

സിഡ്‌നി: സാധാരണയായി ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ആർക്കും അത്ര നല്ല അഭിപ്രായമുണ്ടാകാറില്ല. എന്നാൽ സിഡ്‌നിയിലെ നോർത്ത് ഷോർ പ്രൈവറ്റ് ഹോസ്പിറ്റലിൽ പ്രസവത്തിനായി പ്രവേശിക്കപ്പെട്ട ഒരു യുവതിക്ക് ലഭിച്ച ‘ആഘോഷ വിരുന്ന്’ ഏതൊരു ആഡംബര റെസ്റ്റോറന്റിനെയും വെല്ലുന്നതായിരുന്നു. ആശുപത്രിയിൽ നിന്നുള്ള ഈ അപ്രതീക്ഷിത വിരുന്നിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് യുവതി തന്നെയാണ് തനിക്ക് ലഭിച്ച ഈ അപൂർവ്വ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

പ്രസവശേഷം ഡിസ്ചാർജ്ജ് ആകുന്നതിന് തൊട്ടുമുമ്പത്തെ ദിവസമാണ് ആശുപത്രി അധികൃതർ യുവതിക്കായി ഈ പ്രത്യേക മൂന്ന് കോഴ്‌സ് ഡിന്നർ ഒരുക്കിയത്. മെഡിറ്ററേനിയൻ റോസ്റ്റ് വെജിറ്റബിൾസ്, പെക്കോറിനോ ചീസ് ചേർത്ത ബേബി റോക്കറ്റ് ഗ്രീൻസ്, തൈം ഫ്ലേവർ ചേർത്ത ചിക്കൻ സുപ്രീം റോസ്റ്റ്, ബേബി പൊട്ടറ്റോ തുടങ്ങിയ വിഭവങ്ങളാണ് പ്രധാനമായും വിരുന്നിൽ ഉണ്ടായിരുന്നത്. ഇതിനൊപ്പം ലർപാക് ബട്ടർ ചേർത്ത ബ്രെഡും, ഡെസേർട്ടായി ചോക്ലേറ്റ് റാസ്ബെറി കോക്കനട്ട് പെബിളും നൽകി. വിരുന്നിന് മാറ്റുകൂട്ടാനായി റെഡ്, വൈറ്റ് വൈനുകളും മെനുവിൽ ഉൾപ്പെടുത്തിയിരുന്നു.

തുടർച്ചയായ ഉറക്കമില്ലാത്ത രാത്രികളിലേക്ക് കടക്കുന്നതിന് മുൻപ് ലഭിച്ച ഏറ്റവും മികച്ച യാത്രയയപ്പായിരുന്നു ഇതെന്നാണ് യുവതി ഭക്ഷണത്തെ വിശേഷിപ്പിച്ചത്. മുൻ ദിവസങ്ങളിലെ ഭക്ഷണം സാധാരണ നിലവാരത്തിലുള്ളതായിരുന്നു എങ്കിലും അവസാന ദിവസത്തെ വിരുന്ന് മികച്ചതായിരുന്നു എന്ന് അവർ കൂട്ടിച്ചേർത്തു. മുലയൂട്ടുന്ന സമയമായതിനാൽ കുഞ്ഞിന്റെ ഫീഡിംഗ് ഷെഡ്യൂൾ കൃത്യമായി പ്ലാൻ ചെയ്ത ശേഷമാണ് വൈൻ കഴിച്ചതെന്നും അവർ വ്യക്തമാക്കി.

യുവതിയുടെ പോസ്റ്റിന് പിന്നാലെ ഓസ്‌ട്രേലിയയിലെ പൊതു ആശുപത്രികളിൽ പ്രസവിച്ച നിരവധി അമ്മമാർ തങ്ങൾക്ക് ലഭിച്ച ഭക്ഷണത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചു.ചിലർക്ക് വെജിമൈറ്റ് ടോസ്റ്റും ചായയും ലഭിച്ചപ്പോൾ, മറ്റുചിലർക്ക് തണുത്ത ബ്രെഡും ടിന്നിലടച്ച സ്പഗെറ്റിയുമാണ് ലഭിച്ചത്. പ്രസവവേദനയ്ക്ക് ശേഷം അർദ്ധരാത്രിയിൽ ലഭിച്ച വെറും ചീസ് സാൻഡ്‌വിച്ച് പോലും തങ്ങൾക്ക് അമൃത് പോലെയായിരുന്നു എന്നാണ് പല അമ്മമാരും കുറിച്ചത്. സ്വകാര്യ ആശുപത്രികളിലെ ഇത്തരം മികച്ച സൗകര്യങ്ങളും ഭക്ഷണവും രാജ്യത്തെ ജനനനിരക്ക് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ പലരും തമാശയായി പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *