ജറുസലേം: തെക്കൻ ലെബനനിൽ വിന്യസിച്ചിരിക്കുന്ന ഇസ്രയേൽ സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. അതിർത്തിയോട് ചേർന്നുള്ള സുരക്ഷാ മേഖലയിൽ സൈന്യം തുടരുമെന്നും സൈനികർക്കോ ഇസ്രയേൽ പൗരന്മാർക്കോ ഭീഷണി നേരിട്ടാൽ ആവശ്യമായ സൈനിക നടപടി സ്വീകരിക്കാൻ സേനയ്ക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ലെബനനും തമ്മിൽ നിലവിലുള്ള വെടിനിർത്തൽ തുടരുന്നതിനിടെയാണ് കാറ്റ്സിന്റെ പ്രസ്താവന. അതിർത്തി പ്രദേശങ്ങളിലെ സുരക്ഷ ഉറപ്പാക്കുകയും വടക്കൻ ഇസ്രയേൽ നിവാസികളെ സംരക്ഷിക്കുകയുമാണ് സൈനിക സാന്നിധ്യം തുടരുന്നതിനുള്ള ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ലെബനനിൽ ഇസ്രയേൽ സൈനിക സാന്നിധ്യം തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹിസ്ബുള്ള നേതാവ് നയിം ഖാസിം പ്രതികരിച്ചു. വെടിനിർത്തൽ കരാർ ലംഘിച്ചാൽ അതിന് മറുപടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇസ്രയേൽ-ലെബനൻ അതിർത്തിയിലെ സ്ഥിതിഗതികൾ ഇപ്പോഴും അതീവ സംഘർഷഭരിതമാണെന്നും വെടിനിർത്തൽ നിലവിലുണ്ടെങ്കിലും സാഹചര്യം ദുർബലമാണെന്നും അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.

