ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ വാതക വിതരണശാലയിൽ ഉണ്ടായ വൻസ്ഫോടനത്തിന് പിന്നിൽ സാങ്കേതിക തകരാറാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവം ആക്രമണമല്ലെന്നും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയില്ലെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ 54 പേർക്ക് പരിക്കേറ്റതായും 18 പേരെ കാണാതായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുകയാണ്. തീ നിയന്ത്രണവിധേയമാക്കിയതായി ഖത്തർ എനർജി അറിയിച്ചു.
ഞായറാഴ്ച വൈകിട്ടാണ് റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെ സ്ഫോടനവും തീപിടിത്തവും ഉണ്ടായത്. ഖത്തറിന്റെ ആഭ്യന്തര ആവശ്യങ്ങൾക്കുള്ള പ്രകൃതിവാതക വിതരണം നടത്തുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ബർസാൻ പ്ലാന്റ്. ദോഹ നഗരത്തിലും സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി ദൃക്സാക്ഷികൾ അറിയിച്ചു.
അടുത്തിടെ നടന്ന അമേരിക്ക–ഇസ്രയേൽ–ഇറാൻ സംഘർഷത്തിനിടെ റാസ് ലഫാൻ മേഖലയിലെ ഊർജസൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടായിരുന്ന പശ്ചാത്തലത്തിലാണ് പുതിയ സ്ഫോടനം ഉണ്ടായത്. എന്നിരുന്നാലും, ഇപ്പോഴത്തെ സംഭവം ബാഹ്യാക്രമണത്തിന്റെ ഫലമല്ലെന്നും സാങ്കേതിക തകരാറിനെ തുടർന്നുണ്ടായ അപകടമാണെന്നുമാണ് ഖത്തർ അധികൃതരുടെ വിശദീകരണം.

