സിഡ്നി: വിപണിയിലെ ജനപ്രിയ ലാൺഡ്രി ഡിറ്റർജന്റുകളുടെ ഗുണനിലവാരം പരിശോധിച്ച് പ്രമുഖ ഉപഭോക്തൃ സംഘടനയായ ‘ചോയ്‌സ്’.വിപണിയിലുള്ള 48 വ്യത്യസ്ത ലാൺഡ്രി പൗഡറുകൾ, ലിക്വിഡുകൾ, ക്യാപ്സൂളുകൾ എന്നിവ ഉപയോഗിച്ച് നടത്തിയ വിശദമായ ലാബ് പരിശോധനയിൽ ചില ബ്രാൻഡുകൾ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ മറ്റു ചിലത് വെറും വെള്ളത്തിൽ കഴുകുന്നതിന് തുല്യമായ മോശം പ്രകടനമാണ് നടത്തിയത്.
മുന്നിൽ നിന്ന് വസ്ത്രങ്ങളിടുന്ന ഫ്രണ്ട് ലോഡർ അലക്കു മെഷീനുകളിൽ ഉപയോഗിക്കുന്ന ഡിറ്റർജന്റുകളിൽ ആൽഡിയും ഒമോയും ഒന്നാം സ്ഥാനം പങ്കിട്ടു. ‘ആൽഡി ട്രിമാറ്റ് അഡ്വാൻസ്ഡ് ലാൺഡ്രി പൗഡർ”ഒമോ ആക്റ്റീവ് ക്ലീൻ പൗഡർ ഒമോ അൾട്ടിമേറ്റ് പൗഡർ’ എന്നീ മൂന്ന് ഉൽപ്പന്നങ്ങളും 82 ശതമാനം സ്കോറോ ടെയാണ് പട്ടികയിൽ മുന്നിലെത്തിയത്. ഇതിൽ ഏറ്റവും കുറഞ്ഞ ചിലവിൽ മികച്ച പ്രകടനം നൽകുന്നത് ആൽഡിയുടെ പൗഡറാണ്. രണ്ട് കിലോ ബോക്സിന് 10.49 ഡോളർ മാത്രം വരുന്ന ആൽഡി പൗഡർ ഉപയോഗിക്കുമ്പോൾ ഒരു തവണത്തെ അലക്കിന് 44 സെന്റ് മാത്രമാണ് ചിലവാകുന്നത്. എന്നാൽ ഇതേ പ്രകടനം നൽകുന്ന ഒമോ അൾട്ടിമേറ്റ് പൗഡറിന് രണ്ട് കിലോയ്ക്ക് 36 ഡോളറോളം വരും. അതായത് ഒരു തവണത്തെ അലക്കിന് 1.16 ഡോളർ ചിലവാക്കേണ്ടി വരുന്നു.
മുകളിൽ നിന്ന് വസ്ത്രങ്ങളിടുന്ന ടോപ്പ് ലോഡർ മെഷീനുകളിലും 66 ശതമാനം മാർക്കോടെ ആൽഡി തന്നെയാണ് ഒന്നാം സ്ഥാനം നേടിയത്. എണ്ണ, ചോക്ലേറ്റ് ഐസ്‌ക്രീം, രക്തം, കാപ്പി, ചെളി തുടങ്ങിയ ശക്തമായ കറകൾ പുരട്ടിയ തുണികൾ കഴുകിയെടുത്ത ശേഷം ‘സ്പെക്ട്രോഫോട്ടോമീറ്റർ’ എന്ന ശാസ്ത്രീയ ഉപകരണത്തിന്റെ സഹായത്തോടെ പ്രകാശ പ്രതിഫലനം അളന്നാണ് ഡിറ്റർജന്റുകളുടെ കാര്യക്ഷമത നിർണയിച്ചത്.
അതേസമയം പരീക്ഷണത്തിൽ ചില പ്രമുഖ ലിക്വിഡ് ബ്രാൻഡുകൾ തീർത്തും പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. വെറും വെള്ളത്തിൽ മാത്രം വസ്ത്രം കഴുകുമ്പോൾ ലഭിക്കുന്ന 43 ശതമാനം ക്ലീനിംഗ് സ്കോറിന് തൊട്ടുമുകളിൽ, അതായത് 47 ശതമാനം മാത്രം സ്കോർ നേടിയ ‘എർത്ത്‌വൈസ് സെൻസിറ്റീവ് ലാൺഡ്രി ലിക്വിഡ്’ ആണ് ഏറ്റവും പിന്നിലെത്തിയത്. ‘ആക്റ്റീവ് എക്സ്പേർട്ട് ലാൺഡ്രി ക്യാപ്സൂൾസ്’, ‘എർത്ത്‌വൈസ് ഓറഞ്ച് & യൂക്കാലിപ്റ്റസ്’ എന്നിവയും 48 ശതമാനം മാത്രം സ്കോർ നേടി കടുത്ത നിരാശ സമ്മാനിച്ചു. വലിയ തുക ഈടാക്കുന്നുണ്ടെങ്കിലും വെറും വെള്ളത്തിൽ കഴുകുന്നതിനേക്കാൾ വലിയ വ്യത്യാസമൊന്നും ഇത്തരം ഉൽപ്പന്നങ്ങൾ നൽകുന്നില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

