ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെക്കുമെന്ന് റിപ്പോർട്ടുകൾ. ഭരണകക്ഷിയായ ലേബർ പാർട്ടിക്കുള്ളിൽ നേതൃത്വമാറ്റത്തിനുള്ള സമ്മർദം ശക്തമായ സാഹചര്യത്തിലാണ് രാജി പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കുമെന്ന വിവരം പുറത്തുവന്നത്.
പാർട്ടിക്കുള്ളിലെ അസംതൃപ്തിയും സമീപകാല രാഷ്ട്രീയ തിരിച്ചടികളും സ്റ്റാർമറുടെ നേതൃത്വത്തെ ദുർബലമാക്കിയെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പിന്മാറുന്നതിനുള്ള സമയക്രമം അദ്ദേഹം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
സ്റ്റാർമറുടെ പിൻഗാമിയായി ലേബർ നേതാക്കളായ ആൻഡി ബേൺഹാമിന്റെ പേര് ശക്തമായി ഉയരുന്നുണ്ട്. അതേസമയം, ആഞ്ചല റെയ്‌നർ, എഡ് മിലിബാൻഡ് എന്നിവരുടെ പേരുകളും സാധ്യതാപട്ടികയിൽ പരാമർശിക്കപ്പെടുന്നുണ്ട്.
ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സാമൂഹികമാധ്യമത്തിലൂടെ സ്റ്റാർമർ രാജിവെക്കുമെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ബ്രിട്ടീഷ് സർക്കാരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

