മോസ്കോ: റഷ്യയുടെ അധീനതയിലുള്ള ക്രിമിയയിൽ ഉക്രെയ്ൻ നടത്തിയ വ്യാപക ഡ്രോൺ ആക്രമണത്തെ തുടർന്ന് പൊതുജനങ്ങൾക്കുള്ള ഇന്ധനവിതരണം താൽക്കാലികമായി നിർത്തിവെച്ചു. സർക്കാർ വകുപ്പുകൾക്കും സുരക്ഷാ-അത്യാവശ്യ സേവനങ്ങൾക്കുമാത്രമാണ് ഇന്ധനം ലഭ്യമാക്കുന്നതെന്ന് ക്രിമിയ ഗവർണർ സെർഗെയ് അക്സ്യോനോവ് അറിയിച്ചു.
ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യൻ അധികൃതർ അറിയിച്ചു. കെർച്ച് മേഖലയിലെ എണ്ണ സംഭരണകേന്ദ്രത്തിനും മറ്റ് ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായും അധികൃതർ വ്യക്തമാക്കി.
ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലം മണിക്കൂറുകളോളം ഗതാഗതത്തിനായി അടച്ചിടേണ്ടിവന്നു. വൈദ്യുതി വിതരണ ശൃംഖലയ്ക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ വൈദ്യുതി തടസ്സവും റിപ്പോർട്ട് ചെയ്തു.
അതേസമയം, റഷ്യയുടെ സൈനിക-ഇന്ധന വിതരണ സംവിധാനങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി വ്യക്തമാക്കി. ക്രിമിയയിലെയും റഷ്യയിലെ ക്രാസ്നോദാർ മേഖലയിലെയും എണ്ണ-ഗതാഗത കേന്ദ്രങ്ങൾ ആക്രമിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

