കോടതി നിർദ്ദേശം ലംഘിച്ചു; എബോള ക്വാറന്റൈൻ കേന്ദ്രത്തിനെതിരായ കേസിൽ ആരോഗ്യ മന്ത്രിക്ക് താക്കീത്!

നെയ്‌റോബി: കോംഗോയിൽ പടർന്നുപിടിക്കുന്ന എബോള ബാധയുടെ പശ്ചാത്തലത്തിൽ, അമേരിക്കൻ പൗരന്മാർക്കായി കെനിയയിൽ നിർമ്മിക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായി നിർത്തിവെക്കാൻ കെനിയൻ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. കോടതി ഉത്തരവ് ലംഘിച്ച് നിർമ്മാണവുമായി മുന്നോട്ട് പോയതിന് ആരോഗ്യ മന്ത്രി ഏദൻ ദുആലെയ്‌ക്കെതിരെ (Aden Duale) കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിനെ തുടർന്നാണ് ഈ അടിയന്തിര നടപടി.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നും ഒഴിപ്പിക്കുന്ന അമേരിക്കൻ പൗരന്മാർക്ക് വേണ്ടിയാണ് നെയ്‌റോബിയിൽ നിന്നും 125 മൈൽ അകലെയുള്ള ലെയ്കിപിയ വ്യോമസേനാ താവളത്തിൽ 50 ബെഡ്ഡുക ളുള്ള അത്യാധുനിക ഐസൊലേഷൻ കേന്ദ്രം യു.എസ് അധികൃതർ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, തദ്ദേശീയരുമായി യാതൊരു ആലോചനയുമില്ലാതെ അതീവ രഹസ്യമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് നിർമ്മാണം നിർത്തി വെക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും അത് വകവെയ്ക്കാതെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയതിനാണ് മന്ത്രിയെ കോടതി കഴിഞ്ഞ ദിവസം കുറ്റക്കാരനായി കണ്ടെത്തിയത്. തുടർന്ന് ചൊവ്വാഴ്ച കോടതിയിൽ ഹാജരായി മാപ്പ് അപേക്ഷിച്ച മന്ത്രിയെ, ജഡ്ജി പട്രീഷ്യ ന്യായൂണ്ടി മാൻഡെ മേലിൽ ഇത്തരം ലംഘനങ്ങൾ ഉണ്ടാകരുതെന്ന കർശന താക്കീതോടെ വിട്ടയക്കുകയായിരുന്നു.

അതേസമയം, ഈ ക്വാറന്റൈൻ കേന്ദ്രത്തിനെതിരെ കെനിയയിൽ ജനരോഷം ആളിപ്പടരുകയാണ്. ഇന്നുവരെ ഒരു എബോള കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത കെനിയയിലേക്ക് രോഗബാധയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ കൊണ്ടുവരുന്നതിനെതിരെ വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെയു ണ്ടായ പോലീസ് വെടിവെയ്പ്പിൽ ഇതുവരെ മൂന്ന് പേർ കൊല്ലപ്പെട്ടു. “അമേരിക്കയ്ക്ക് ഇത് അപകടകരമാ ണെങ്കിൽ, അത് കെനിയയ്ക്കും അപകടകരമാണ്” എന്നാണ് ഇവിടുത്തെ ആരോഗ്യ പ്രവർത്തകർ വ്യക്തമാ ക്കുന്നത്. എന്നാൽ ഈ കേന്ദ്രത്തിൽ നിന്നും രോഗം പുറത്തേക്ക് പടരുമെന്ന ആശങ്ക ശാസ്ത്രീയമായി അടിസ്ഥാനമില്ലാത്തതാണെന്ന് കോടതിയിൽ വ്യക്തമാക്കിയ ആരോഗ്യ മന്ത്രിയും, ഈ പദ്ധതിയുമായി സഹകരിക്കുന്നത് ശരിയായ നടപടിയാണെന്ന് പറഞ്ഞ പ്രസിഡന്റ് വില്യം റൂട്ടോയും യു.എസ് കേന്ദ്രത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *