പാരീസ്: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ മാനുഷിക ദൗത്യം കഴിഞ്ഞ് തിരിച്ചെത്തിയ ഡോക്ടർക്ക് എബോള സ്ഥിരീകരിച്ചതായി ഫ്രാൻസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫ്രാൻസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ എബോള കേസാണിത്. രോഗബാധിതനായ ഡോക്ടറെ നിലവിൽ പ്രത്യേക സജ്ജീകരണങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികര മാണെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. രോഗം പടരാതിരിക്കാൻ ഐസൊലേഷൻ ഉൾപ്പെടെയുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു കഴിഞ്ഞു. ഇവർ 21 ദിവസത്തേക്ക് വീട്ടിൽ ഐസൊലേഷനിൽ കഴിയേണ്ടിവരും. എങ്കിലും പൊതുജനങ്ങൾക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തൽ. നിലവിൽ കോംഗോയിലെ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലാണ് ഈ രോഗബാധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജൂൺ 21 വരെയുള്ള കണക്കുകൾ പ്രകാരം കോംഗോയിൽ 1,048 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 267 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അയൽരാജ്യമായ ഉഗാണ്ടയിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മേയ് 15-നാണ് ലോകാരോഗ്യ സംഘടന ഈ രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. നിലവിലെ വൈറസ് ബാധ അതീവ അപൂർവ്വമായ ‘ബുന്ദിബുഗ്യോ’ ഇനത്തിൽപ്പെട്ടതാണെന്നും, ഇതിനെതിരെ നിലവിൽ വാക്സിനുകളോ അംഗീകൃത ചികിത്സ കളോ ലഭ്യമല്ലെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. ഈ രോഗവ്യാപനം ചരിത്രത്തിലെ ഏറ്റവും വലിയ എബോള ബാധയായി മാറിയേക്കാമെന്നാണ് യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ വിലയിരുത്തൽ.

