അഡ്ലെയ്ഡ്: ഓസ്ട്രേലിയയിൽ വൻതോതിൽ വന്യജീവി സമ്പത്ത് നശിപ്പിക്കുന്ന അതീവ മാരകമായ എച്ച്5 (H5) പക്ഷിപ്പനി പടരുന്നതായി റിപ്പോർട്ട്. ദക്ഷിണ ഓസ്ട്രേലിയയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും രോഗബാധ സ്ഥിരീകരിച്ചതോടെ നിലവിൽ രാജ്യത്തെ രണ്ട് പ്രധാന സംസ്ഥാനങ്ങളിലാണ് രോഗം പടർന്നുപിടിക്കുന്നത്.
ദക്ഷിണ ഓസ്ട്രേലിയയിലെ പോർട്ട് എലിയറ്റിലുള്ള നൈറ്റ്സ് ബീച്ചിൽ കഴിഞ്ഞ ജൂൺ 14-ന് സുഖമില്ലാത്ത നിലയിൽ കണ്ടെത്തിയ ‘ജയന്റ് പെട്രൽ’ (Giant Petrel) എന്ന ഇനത്തിൽപ്പെട്ട കുടിയേറ്റ കടൽപക്ഷിക്കാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിയെ പിന്നീട് ദയാവധത്തിന് വിധേയമാക്കിയതായി ഫെഡറൽ സർക്കാർ വ്യക്തമാക്കി. സമാനമായി പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ക്വിൻഡാലുപ്പ് മേഖലയിൽ ചത്ത നിലയിൽ കണ്ടെത്തിയ ഇതേ ഇനത്തിൽപ്പെട്ട മറ്റൊരു പക്ഷിക്കും രോഗബാധയുള്ളതായി സംശയിക്കുന്നുണ്ട്. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം നാലിലേക്ക് ഉയർന്നേക്കും.
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ എസ്പെറൻസിന് സമീപം കഴിഞ്ഞ ആഴ്ച രണ്ട് കുടിയേറ്റ പക്ഷികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് മൂന്നാമതൊരു കേസ് കൂടി സംശയിക്കുന്നതായി കൃഷിമന്ത്രി ജാക്കി ജാർവിസ് ബുധനാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഇതിന്റെ സാമ്പിളുകൾ സ്ഥിരീകരണത്തിനായി ശാസ്ത്ര ഗവേഷണ സ്ഥാപനമായ സി.എസ്.ഐ.ആർ.ഒ -ലേക്ക് അയച്ചിരിക്കുകയാണ്. രോഗബാധിതരായ പക്ഷികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട സന്നദ്ധപ്രവർത്തകർക്ക് ആവശ്യമെങ്കിൽ ‘ടാമിഫ്ലു’ എന്ന ആന്റിവൈറൽ മരുന്ന് നൽകുമെന്ന് ദക്ഷിണ ഓസ്ട്രേലിയൻ പ്രീമിയർ പീറ്റർ മാലിനാസ്കസ് അറിയിച്ചു. അസുഖം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കണ്ടെത്തിയാൽ ഉടൻ തന്നെ ഹെൽപ്പ് ലൈൻ നമ്പറിൽ വിവരമറിയിക്കാൻ പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

