സിഡ്നി: നാല് പതിറ്റാണ്ട് മുൻപ് ആഭ്യന്തര കായിക വിജയത്തിന് പിന്നാലെ അന്നത്തെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ബോബ് ഹോക്ക് ടെലിവിഷനിലൂടെ നടത്തിയ പ്രഖ്യാപനം രാജ്യം ഇന്നും ഓർക്കുന്നുണ്ട്; “ഇന്ന് ജോലിക്ക് വരാത്തതിന്റെ പേരിൽ ഏതെങ്കിലും മുതലാളി ജീവനക്കാരെ പിരിച്ചുവിട്ടാൽ അവൻ ഒരു വേസ്റ്റാണ്.” വർഷങ്ങൾക്കിപ്പുറം സമാനമായ മറ്റൊരു കായിക ആവേശത്തിൽ ഓസ്‌ട്രേലിയ ഒന്നടങ്കം വെള്ളിയാഴ്ച നിശ്ചലമാകാൻ ഒരുങ്ങുകയാണ്.
ഫുട്ബോൾ ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ ദേശീയ ടീമായ ‘സോക്കറൂസ്’ (Socceroos) കളത്തിലിറങ്ങുമ്പോൾ, രാജ്യം പരമ്പരാഗതമായി ജോലി ചെയ്യുന്ന സമയത്താണ് മത്സരം പൂർണ്ണമായും നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന മത്സരം കാണാനായി ജീവനക്കാർ കൂട്ടത്തോടെ കള്ള ലീവ് എടുക്കുമെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ ‘ഗ്രേറ്റ് ഓസ്‌ട്രേലിയൻ സോക്കറൂസ് സിക്കി’ എന്ന പേരിൽ മുൻ പ്രധാനമന്ത്രി ബോബ് ഹോക്കിന്റെ ചിത്രമുൾപ്പെടുത്തിയുള്ള പോസ്റ്റുകൾ ഇതിനകം വൈറലായിക്കഴിഞ്ഞു.
മത്സരത്തിൽ ജയിക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ ഓസ്‌ട്രേലിയയ്ക്ക് തുടർച്ചയായ രണ്ടാം തവണയും ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറാം. വൻ പ്രാധാന്യമുള്ള ഈ മത്സരത്തിനായി രാജ്യത്ത് ഔദ്യോഗിക അവധി പ്രഖ്യാപിക്കണമെന്ന് ടീമിന്റെ അസിസ്റ്റന്റ് കോച്ച് പോൾ ഒകോൺ പ്രധാനമന്ത്രിയോട് ആവശ്യപ്പെ ട്ടിട്ടുണ്ട്. ജീവനക്കാർ കൂട്ടത്തോടെ ജോലിസ്ഥലം വിട്ടുപോകുന്നത് തടയാനായി പ്രമുഖ കമ്പനി കളായ കോൾസ് , അലയൻസ് തുടങ്ങിയവ തങ്ങളുടെ ഓഫീസുകളിൽ തന്നെ മത്സരം തത്സമയം സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. പബ്ബുകളും പൊതു സ്ക്രീനുകളുമെല്ലാം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ജനസാഗ രമാകുമെന്നാണ് കണക്കുകൂട്ടുന്നത്. ചരിത്രപരമായ ഈ ഫുട്ബോൾ ആവേശത്തെ വരവേൽക്കാൻ തൊഴിലുട മകളും അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഫുട്ബോൾ സപ്പോർട്ടേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

