വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെടുന്ന യുദ്ധാധികാര പ്രമേയത്തിന് യു.എസ് സെനറ്റിന്റെ അംഗീകാരം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങളുടെ കൂടെ പിന്തുണയോടെയാണ് സെനറ്റിൽ പ്രമേയം പാസായത്. 48-നെതിരേ 50 വോട്ടുകൾക്കാണ് പ്രമേയത്തിന് സെനറ്റ് അംഗീകാരം നൽകിയത്.
നേരത്തെ യു.എസ് ജനപ്രതിനിധി സഭ (ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ്) 208-നെതിരേ 215 വോട്ടുകൾക്ക് ഈ പ്രമേയം പാസാക്കിയിരുന്നു. ഇതോടെ, ഒരു യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റിനോട് നിർദേശിക്കുന്ന പ്രമേയം യു.എസ് കോൺഗ്രസിന്റെ ഇരുസഭകളും പാസാക്കുന്ന ചരിത്രപരമായ ആദ്യ സംഭവമായി ഇത് മാറി.
ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ നാല് പ്രതിനിധികൾ സെനറ്റിൽ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ, രണ്ട് റിപ്പബ്ലിക്കൻ സെനറ്റർമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയിൽ ഒരു അംഗം ഒഴികെ മറ്റെല്ലാവരും പ്രമേയത്തിന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്.
എന്നാൽ, യു.എസ് കോൺഗ്രസിന്റെ ഇരുസഭകളുടെയും ഈ നടപടിയോട് അതീവ രൂക്ഷമായാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. കോൺഗ്രസ് പാസാക്കിയ പ്രമേയം തികച്ചും അസ്ഥാനത്തുള്ളതും അർത്ഥശൂന്യവുമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഈ പ്രമേയം ഇറാൻ ഭരണകൂടത്തിന് വലിയ ആശ്വാസം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

