അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും; അഞ്ച് പേരെ കാണാതായി

ഇറ്റാനഗർ: കനത്ത മഴയെ തുടർന്ന് അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും വ്യാപക നാശനഷ്ടമുണ്ടാക്കി. കീയി പനിയോർ ജില്ലയിൽ മലവെള്ളപ്പാച്ചിലിൽ അഞ്ച് പേരെ കാണാതായതായി അധികൃതർ അറിയിച്ചു. നിരവധി വീടുകൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു.

കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന ശക്തമായ മഴയെ തുടർന്നാണ് ദുരന്തമുണ്ടായത്. കീയി പനിയോർ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ഏകദേശം 20 വീടുകൾ തകരുകയോ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. രക്ഷാപ്രവർത്തകർ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു. നിരവധി യാത്രക്കാർ വഴിമധ്യേ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. ദുരന്തബാധിത മേഖലകളിൽ ഭരണകൂടവും രക്ഷാസേനയും അടിയന്തര സഹായപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

മഴ തുടരുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമീപ സംസ്ഥാനമായ അസമിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *