മാസപ്പടി കേസ്: ടി. വീണ വീണ്ടും ഇ.ഡിക്ക് മുന്നിൽ ഹാജരായി

കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റ മകൾ ടി. വീണ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) മുന്നിൽ വീണ്ടും ഹാജരായി. ഇന്ന് രാവിലെ 9.30-ഓടെയാണ് വീണ കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ എത്തിയത്.

കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിൽ (SFIO) നിന്ന് ലഭിച്ച പുതിയ രേഖകളുടെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ച തീയതിക്ക് മുമ്പ് വീണയെ വിളിച്ചുവരുത്തിയതെന്നാണ് വിവരം.

സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായകമായി കണക്കാക്കുന്ന 134 രേഖകളാണ് എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിന്റെ ഭാഗമായിട്ട് ഇ.ഡിക്ക് ലഭിച്ചത്. കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും ഈ രേഖകൾ ലഭിക്കുന്നതിൽ നേരത്തെ കാലതാമസം നേരിട്ടിരുന്നു.

പുതുതായി ലഭിച്ച രേഖകൾ മുൻനിർത്തിയാണ് ഇ.ഡി. ഇന്ന് വീണയെ ചോദ്യം ചെയ്യുന്നത്. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് എക്സാലോജിക് സൊല്യൂഷൻസ് സേവനം നൽകാതെയാണ് പണം കൈപ്പറ്റിയതെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടികൾ പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *