സിഡ്നി: ഓസ്‌ട്രേലിയയുടെ ഭാവി സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാനുള്ള മൂന്ന് സുപ്രധാന മുൻഗണനകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ആന്റണി ആൽബനീസ്. ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കൽ, ഹരിത ഊർജ്ജം (ക്ലീൻ എനർജി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവയെ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ദർശനമാണ് അദ്ദേഹം പങ്കുവെച്ചത്. രാജ്യത്തിന്റെ വൈവിധ്യമാർന്ന തൊഴിൽ ശേഷിയും അന്താരാഷ്ട്ര പങ്കാളിത്തവും 2050-ലേക്ക് കുതിക്കാനുള്ള ഏറ്റവും വലിയ തന്ത്രപ്രധാനമായ കരുത്താണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക തന്ത്രങ്ങളുടെ ഭാഗമായി ചൈനയുമായുള്ള ബന്ധം സുസ്ഥിരമാക്കുന്നതിനൊപ്പം തെക്കുകിഴക്കൻ ഏഷ്യയിൽ നിക്ഷേപം വ്യാപിപ്പിക്കുമെന്നും ഇന്ത്യയുമായുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തുമെന്നും ആൽബനീസ് പറഞ്ഞു. പുനരുപയോഗ ഊർജ്ജ മേഖലയിലെ ഓസ്‌ട്രേലിയയുടെ ആഗോള നേതൃത്വം നിലനിർത്തിക്കൊണ്ട്, അത് പുതിയ തലമുറയിലെ നിർമ്മാണ മേഖലയ്ക്ക് കരുത്താക്കി മാറ്റാനുള്ള അവസരമാണ് മുന്നിലുള്ളതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയോട് വെറുതെ പ്രതികരിക്കുകയല്ല, മറിച്ച് അതിനെ കൃത്യമായി രൂപപ്പെടുത്തുകയാണ് രാജ്യം ചെയ്യേണ്ടതെന്നാണ് പ്രധാനമന്ത്രിയുടെ പക്ഷം. എ.ഐ നല്ലതാണോ ചീത്തയാണോ എന്ന ചർച്ചകളിൽ കാര്യമില്ലെന്നും പുരോഗതിയെ തടയാൻ ആർക്കും കഴിയില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, നമ്മൾ അതിനെ രൂപപ്പെടുത്തിയില്ലെങ്കിൽ അത് നമ്മെ മാറ്റിക്കളയുമെന്നും കൂട്ടിച്ചേർത്തു.

