ടിരാന: യൂറോപ്യൻ രാജ്യങ്ങളിൽ സർക്കാർവിരുദ്ധ പ്രതിഷേധങ്ങൾ കൂടുതൽ അക്രമാസക്തമാകുന്നു. അൽബേനിയൻ തലസ്ഥാനമായ ടിരാനയിൽ പ്രധാനമന്ത്രി എഡി റാമ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെ ആയിരക്കണക്കിനാളുകളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർ, ചർച്ചയ്ക്കായി സജ്ജീകരിച്ചിരുന്ന കസേരകൾക്ക് തീയിട്ടു. ഭരണകൂടത്തിന്റെ അഴിമതി, രൂക്ഷമായ തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ തകർച്ച എന്നിവയ്ക്കെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്. പലയിടങ്ങളിലും സർക്കാർ ഓഫീസുകൾക്ക് നേരെ വ്യാപകമായ ആക്രമണങ്ങളുമുണ്ടായി. എന്നാൽ, അക്രമങ്ങളിലൂടെ തന്നെ രാജിവെപ്പിക്കാമെന്ന് കരുതുന്നത് തെറ്റാണെന്നും അതേസമയം പ്രതിഷേധക്കാരുടെ ആവശ്യങ്ങളെല്ലാം അനാവശ്യമാണെന്ന് താൻ കരുതുന്നില്ലെന്നും പ്രധാനമന്ത്രി എഡി റാമ വീഡിയോ സന്ദേശത്തിൽ പ്രതികരിച്ചു. പോർച്ചുഗലിലും സമാനമായ രീതിയിൽ സർക്കാർ ഓഫീസുകൾക്ക് നേരെ തീവെപ്പുണ്ടായി.
അതേസമയം, ഫ്രാൻസിലും സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. സർക്കാരിനെതിരായ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം 31-ന് വീണ്ടും പ്രതിഷേധിക്കാനും നവംബർ 5-ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്താനും വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തു. കഴിഞ്ഞ ശനിയാഴ്ച നടന്ന കൂറ്റൻ പ്രതിഷേധ മാർച്ചിൽ 4,10,000 പേരാണ് അണിനിരന്നത്. മുൻ ആഴ്ചകളിലുണ്ടായ അക്രമസംഭവങ്ങളും കൊള്ളയും ആവർത്തിക്കാതിരിക്കാൻ എഴുപതിനായിരത്തോളം പോലീസുകാരെയാണ് ഫ്രഞ്ച് സർക്കാർ സുരക്ഷയ്ക്കായി നിയോഗിച്ചത്. ഇതിനിടെ, കഴിഞ്ഞ ശനിയാഴ്ച ബെൽജിയം തലസ്ഥാനമായ ബ്രസൽസിലും പോലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി.

