ഇറാനുമായുള്ള അതിർത്തിവ്യാപാരം പുനരാരംഭിച്ച് പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം ഇറാനുമായുള്ള അതിർത്തിവ്യാപാരം പുനരാരംഭിച്ച് പാക്കിസ്ഥാൻ. ബലൂചിസ്ഥാനിലെ ഗ്വാദർ ജില്ലയിലുള്ള ഗാബ്ദ്–റിംദാൻ അതിർത്തി ചെക്ക്പോസ്റ്റിലൂടെയാണ് ശനിയാഴ്ച വ്യാപാരവും ചരക്കുനീക്കവും പുനരാരംഭിച്ചത്. ഒക്ടോബർ 17ന് ഏർപ്പെടുത്തിയ നിയന്ത്രണത്തെത്തുടർന്ന് അതിർത്തിയിൽ കുടുങ്ങിക്കിടന്ന ചരക്കുവാഹനങ്ങൾക്ക് ഇതോടെ നീങ്ങാനായി.

ഒക്ടോബർ 16 വരെയോ അതിനു മുമ്പോ രേഖപ്പെടുത്തിയ ചരക്കുകൾക്കാണ് ആദ്യഘട്ടത്തിൽ കടന്നുപോകാൻ അനുമതി നൽകിയത്. ഇറാനിൽനിന്ന് പാക്കിസ്ഥാനിലേക്കുള്ള ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി), ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വിതരണത്തിലുണ്ടായ തടസ്സം പരിഹരിക്കാൻ അതിർത്തി തുറന്നത് സഹായിക്കുമെന്നാണ് വ്യാപാരരംഗത്തുള്ളവരുടെ പ്രതീക്ഷ. ഗ്വാദർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് മിർ നവീദ് ജാൻ കൽമതിയാണ് വ്യാപാരം പുനരാരംഭിച്ച വിവരം സ്ഥിരീകരിച്ചത്.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാൻ ഒക്ടോബർ 17ന് ഗാബ്ദ്–റിംദാൻ, താഫ്താൻ അതിർത്തി ചെക്ക്പോസ്റ്റുകളിലൂടെയുള്ള വ്യാപാരം നിർത്തിവച്ചത്. എന്നാൽ നിയന്ത്രണത്തിന്റെ കൃത്യമായ കാരണം പാക്കിസ്ഥാൻ വാണിജ്യ മന്ത്രാലയം ഔദ്യോഗികമായി വിശദീകരിച്ചിരുന്നില്ല. അതേസമയം, ഇറാൻ അതിർത്തിയിലെ സാങ്കേതികവും ഭരണപരവുമായ പ്രശ്നങ്ങളാണ് വ്യാപാരത്തെ ബാധിച്ചതെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കി.

അതിർത്തി അടച്ചതിനെത്തുടർന്ന് കുടുങ്ങിയ ചരക്കുവാഹനങ്ങൾക്കുനേരെ ഒക്ടോബർ 22ന് അജ്ഞാതരായ അക്രമികൾ ആക്രമണം നടത്തിയിരുന്നു. നിരവധി ട്രക്കുകൾക്ക് തീപിടിക്കുകയും മറ്റു വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തുടർന്ന് പ്രാദേശിക അധികൃതർ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്ത് ചരക്കുവാഹനങ്ങളുടെ സുരക്ഷയ്ക്കായി കൂടുതൽ സേനയെ വിന്യസിച്ചതിനു ശേഷമാണ് ഗാബ്ദ്–റിംദാൻ ചെക്ക്പോസ്റ്റ് വീണ്ടും തുറന്നത്.

അതേസമയം, താഫ്താൻ അതിർത്തിയിലെ വ്യാപാരം പൂർണമായി സാധാരണ നിലയിലായോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇറാനിൽനിന്നുള്ള എൽപിജി ഉൾപ്പെടെയുള്ള കയറ്റുമതിക്ക് നിയന്ത്രണമില്ലെന്നും പാക്കിസ്ഥാനിലെ ഇറക്കുമതി നടപടിക്രമങ്ങളിലെ മാറ്റങ്ങളാണ് ചരക്കുനീക്കത്തെ ബാധിച്ചതെന്നും ഇറാൻ അംബാസഡർ റെസ അമിരി മൊഗദം വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം സാധാരണ നിലയിലാക്കാനുള്ള ചർച്ചകൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *