സിഡ്നി: ടെസ്‌ല നിർമ്മിച്ച് ഫ്രഞ്ച് ഊർജ്ജ കമ്പനിയായ നിയോവന്റെ (Neoen) ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഓസ്‌ട്രേലിയയിലെ ‘ഹോൺസ്‌ഡെയ്ൽ പവർ റിസർവ്’ വൻ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായി റിപ്പോർട്ട്. പ്രവർത്തനം ആരംഭിച്ച് ആദ്യ രണ്ട് വർഷത്തിനുള്ളിൽ തന്നെ ഉപഭോക്താക്കൾക്ക് 150 മില്യൺ ഡോളറിലധികം (ഏകദേശം 1200 കോടിയിലധികം രൂപ) ലാഭിക്കാൻ ഈ വമ്പൻ ബാറ്ററി സ്റ്റോറേജ് സംവിധാനത്തിലൂടെ സാധിച്ചതായി ഔറേക്കൺ (Aurecon) നടത്തിയ സ്വതന്ത്ര അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2017-ൽ 100 മെഗാവാട്ട് ശേഷിയോടെ ആരംഭിച്ച ഈ പവർ റിസർവ്, വൈദ്യുതി വിതരണത്തിലെ ഫ്രീക്വൻസി നിയന്ത്രണ സേവനങ്ങളുടെ ചെലവ് 90 ശതമാനത്തിലധികം കുറയ്ക്കാൻ സഹായിച്ചു. ഇതോടെ സൗത്ത് ഓസ്‌ട്രേലിയയിലുടനീളം ഉണ്ടാകാറുള്ള ബ്ലാക്ക് ഔട്ടുകൾ (വൈദ്യുതി തടസ്സങ്ങൾ) ഒഴിവാക്കാനും പവർ ഗ്രിഡ് സുസ്ഥിരമാക്കാനും സാധിച്ചു. വൻകിട ബാറ്ററി സംഭരണ സംവിധാനങ്ങൾക്കും പുനരുപയോഗ ഊർജ്ജ വിന്യാസത്തിനും ലോകമെമ്പാടുമുള്ള ഒരു മാതൃകയായി മാറിയിരിക്കുകയാണ് ഈ പദ്ധതി.

