സിഡ്നി: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ധനികയായ ജിന റൈൻഹാർട്ട്, കഷ്ടത അനുഭവിക്കുന്ന മുൻ സൈനികർക്കായി വാങ്ങി നൽകിയ പുതിയ അപ്പാർട്ട്മെന്റ് സമുച്ചയത്തിന് മുൻ വിക്ടോറിയ ക്രോസ് ജേതാവ് ബെൻ റോബർട്ട്സ്-സ്മിത്തിന്റെ പേര് നൽകിയത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. 8.75 മില്യൺ ഡോളർ (ഏകദേശം 73 കോടിയിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്നതാണ് ഈ ഫ്ലാറ്റ് സമുച്ചയം. അഫ്ഗാനിസ്ഥാൻ യുദ്ധത്തിനിടെ യുദ്ധക്കുറ്റങ്ങൾ ചെയ്തുവെന്ന ഗുരുതരമായ ആരോപണങ്ങളും കോടതി വിധികളും നേരിടുന്ന വ്യക്തിയാണ് ബെൻ റോബർട്ട്സ്-സ്മിത്ത്.
രാജ്യത്തെ ഭവനരഹിതരായ മുൻ സൈനികർക്ക് പാർപ്പിടമൊരുക്കാനായി ജിന റൈൻഹാർട്ട് പ്രഖ്യാപിച്ച 200 മില്യൺ ഡോളറിന്റെ ബൃഹത്തായ പദ്ധതിയുടെ ഭാഗമായാണ് ഈ ആദ്യ അപ്പാർട്ട്മെന്റ് സമുച്ചയം വാങ്ങിയത്. “ഈ ബീച്ച് ഹൗസുകൾക്ക് ബെൻ റോബർട്ട്സ്-സ്മിത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്, അദ്ദേഹം ഒരു യഥാർത്ഥ ഹീറോയാണ്” എന്ന് ജിന റൈൻഹാർട്ട് തന്റെ കമ്പനിയായ ഹാൻകോക്ക് പ്രോസ്പെക്റ്റിംഗിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. വെറ്ററൻ ഹൗസിംഗ് ഓസ്‌ട്രേലിയ എന്ന സംഘടനയ്ക്കാണ് ഈ സമുച്ചയത്തിന്റെ നടത്തിപ്പ് ചുമതല. കടുത്ത നിയമപോരാട്ടങ്ങളും വിവാദങ്ങളും നേരിടുന്ന ഒരു മുൻ സൈനികന് പരസ്യ പിന്തുണയുമായി രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരി തന്നെ രംഗത്തെത്തിയത് ഓസ്‌ട്രേലിയൻ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

