മെൽബൺ: ഓസ്‌ട്രേലിയൻ പൊതുഭരണ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധ്യായമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘റോബോഡെറ്റ്’ (Robodebt) പദ്ധതിയുടെ ഇരകളായ 1.25 ലക്ഷത്തിലധികം സാധാരണക്കാർക്ക് ഒടുവിൽ നീതി. ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ നിയമപോരാട്ടത്തിന് ഒടുവിൽ, ദുരിതമനുഭവിച്ചവർക്കായി 475 മില്യൺ ഡോളറിന്റെ (ഏകദേശം 3,900 കോടിയിലധികം രൂപ) ഭീമമായ നഷ്ടപരിഹാര കരാറിന് ഓസ്‌ട്രേലിയൻ ഫെഡറൽ കോടതി അംഗീകാരം നൽകി.
ഓസ്‌ട്രേലിയയിൽ 2015 മുതൽ 2019 വരെ നടപ്പിലാക്കിയ ഒരു ഓട്ടോമേറ്റഡ് സർക്കാർ ക്ഷേമപദ്ധതിയായിരുന്നു റോബോഡെറ്റ്. ഇതിലെ പിഴവുറ്റ കമ്പ്യൂട്ടർ അൽഗോരിതം കാരണം, തങ്ങൾ വാങ്ങാത്ത കടം തിരിച്ചടയ്ക്കണം എന്ന് കാണിച്ച് ലക്ഷക്കണക്കിന് സാധാരണക്കാരായ പെൻഷൻ ഗുണഭോക്താക്കൾക്കാണ് സർക്കാർ തെറ്റായ നോട്ടീസുകൾ അയച്ചത്. ഇത് രാജ്യത്ത് വലിയ ജനരോഷത്തിന് കാരണമായിരുന്നു.
ഫെഡറൽ കോടതി ജസ്റ്റിസ് ജോനാഥൻ ബീച്ചാണ് പുതിയ ധനസഹായത്തിന് അനുമതി നൽകിയത്. കോടതിച്ചെലവുകളും മറ്റ് ഭരണച്ചെലവുകളും ഉൾപ്പെടെ ആകെ 548.5 മില്യൺ ഡോളറിന്റെ വലിയൊരു പാക്കേജിന്റെ ഭാഗമാണിത്. മുൻപ് പ്രഖ്യാപിച്ച 112 മില്യൺ ഡോളറിന്റെ കരാറിന് പുറമെയാണിത്. ഇതനുസരിച്ച് അർഹരായ ഇരകൾക്ക് ആറ് മാസത്തിനകം 1,000 ഡോളർ അല്ലെങ്കിൽ 1,750 ഡോളർ വീതം നിശ്ചിത നഷ്ടപരിഹാരം ലഭിക്കും. എന്നാൽ വ്യക്തിഗതമായി ക്ലെയിം മൂല്യനിർണ്ണയം നടത്തുന്നവർക്ക് തുക ലഭിക്കാൻ 18 മാസം വരെ സമയമെടുത്തേക്കാം. പൊതുഭരണ രംഗത്തെ വലിയൊരു തിരുത്തലായി ഈ കോടതി വിധി വിലയിരുത്തപ്പെടുന്നു

