കാൻബറ: ഓസ്‌ട്രേലിയയിലെ നികുതിദായകർക്കും ആദ്യമായി വീട് വാങ്ങാൻ ഒരുങ്ങുന്നവർക്കുമായി സർക്കാർ നടപ്പിലാക്കുന്ന രണ്ട് പ്രധാന സാമ്പത്തിക പദ്ധതികൾ പങ്കുവെച്ച് പ്രധാനമന്ത്രി ആന്റണി അൽബാനീസ്. എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം സർക്കാരിന്റെ പുതിയ നയങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചത്. രാജ്യത്തെ ഓരോ നികുതിദായകനും നികുതിയിളവ് ഉറപ്പാക്കുമെന്നും, അടുത്ത ഘട്ട നികുതിയിളവ് ഉടൻ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം ഭവന വിപണിയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് കൂടുതൽ തുല്യമായ അവസരങ്ങൾ ഉറപ്പാക്കുന്നതിനായി പ്രോപ്പർട്ടി നിക്ഷേപകരുടെ നികുതി ആനുകൂല്യങ്ങളിൽ മാറ്റം വരുത്തുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
“ഭൂരിഭാഗം ഓസ്‌ട്രേലിയക്കാർക്കും അവരുടെ സമയമല്ലാതെ മറ്റൊന്നും വിൽക്കാനില്ല, അവരുടെ കഠിനാധ്വാനമല്ലാതെ മറ്റൊന്നും നൽകാനുമില്ല. അവർ അർഹിക്കുന്ന നികുതിയിളവും അതോടൊപ്പം സ്വന്തമായി ആദ്യത്തെ വീട് വാങ്ങാനുള്ള അവസരവും അവർക്ക് ലഭിക്കേണ്ടതുണ്ട്,” എന്ന് അൽബാനീസ് കുറിച്ചു.
കൂടുതൽ ഓസ്‌ട്രേലിയക്കാരെ സാമ്പത്തികമായി മുന്നേറാൻ സഹായിക്കുക, ആദ്യമായി വീട് വാങ്ങുന്നവർക്ക് ഭവന ഉടമസ്ഥതയിലേക്കുള്ള വഴി എളുപ്പമാക്കുക എന്നിവയാണ് ഈ പുതിയ മാറ്റങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നെഗറ്റീവ് ഗിയറിംഗ് ,ക്യാപിറ്റൽ ഗെയിൻസ് ടാക്സ് എന്നിവയിൽ വരുത്തുന്ന പരിഷ്‌കാരങ്ങൾ വരും ദിവസങ്ങളിൽ ഓസ്‌ട്രേലിയൻ ഭവന വിപണിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

