ബ്രിസ്ബേൻ: ക്വീൻസ്ലാൻഡിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കൂടുതൽ കർശനമായ നിയമങ്ങൾ വരുന്നു. 2026 ഡിസംബർ 1 മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ക്വീൻസ്ലാൻഡ് സർക്കാർ പ്രഖ്യാപിച്ചു. റോഡപകടങ്ങളും മരണനിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നിയമങ്ങൾ കടുപ്പിക്കുന്നത്.
പുതിയ നിയമപ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നവർക്കുള്ള പിഴയും ശിക്ഷയും ഇരട്ടിയാക്കും. ഇതിനൊപ്പം ഉയർന്ന പിഴയും ദീർഘകാലത്തേക്ക് ലൈസൻസ് റദ്ദാക്കലും പ്രതികൾ നേരിടേണ്ടി വരും. അതീവ ഗുരുതരമായ അപകടങ്ങൾ ഉണ്ടാക്കുന്നവർക്കുള്ള പരമാവധി തടവുശിക്ഷ 16 വർഷത്തിൽ നിന്നും 25 വർഷമായി ഉയർത്തും. അമിതവേഗതയിൽ (മണിക്കൂറിൽ 40 കിലോമീറ്ററിലധികം വേഗപരിധി ലംഘിച്ച്) വാഹനം ഓടിക്കുന്നവരെ പിടികൂടിയാൽ കോടതി നടപടികൾക്കായി കാത്തുനിൽക്കാതെ ഉടനടി ആറുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
മെഡിക്കൽ കഞ്ചാവ് നിയമപരമായി ഉപയോഗിക്കുന്നവർക്കും നിലവിലുള്ള ‘സീറോ ടോളറൻസ്’ നയം തന്നെ തുടരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മരുന്ന് എന്ന നിലയിലാണെങ്കിൽ പോലും ശരീരത്തിൽ കഞ്ചാവിന്റെ സാന്നിധ്യമുണ്ടെങ്കിൽ വാഹനം ഓടിക്കാൻ അനുവദിക്കില്ലെന്നാണ് ക്വീൻസ്ലാൻഡ് ട്രാൻസ്പോർട്ട് മന്ത്രി ബ്രെന്റ് മിക്കൽബെർഗ് വ്യക്തമാക്കിയത്. എന്നാൽ ഈ കടുത്ത നിലപാടിനെതിരെ നിയമവിദഗ്ധരും മെഡിക്കൽ രംഗത്തുള്ളവരും വിമർശനം ഉന്നയിക്കുന്നുണ്ട്. കഞ്ചാവ് ഉപയോഗിച്ച് മണിക്കൂറുകൾ കഴിഞ്ഞാലും ശരീരത്തിൽ അതിന്റെ സാന്നിധ്യം കണ്ടെത്താമെന്നും, ഇത് വ്യക്തിയുടെ ഡ്രൈവിംഗ് ശേഷിയെ ബാധിച്ചിട്ടില്ലെങ്കിൽ പോലും ശിക്ഷിക്കുന്നത് ശാസ്ത്രീയമല്ലെന്നുമാണ് ഇവരുടെ വാദം. അയൽ സംസ്ഥാനമായ ന്യൂ സൗത്ത് വെയ്ൽസ് നിയമപരമായ മെഡിക്കൽ കഞ്ചാവ് ഉപയോക്താക്കൾക്ക് ചില ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്വീൻസ്ലാൻഡ് കൂടുതൽ കർശനമായ നിലപാടുമായി മുന്നോട്ട് പോകുന്നത്.

