ന്യൂഡൽഹി: പൂനെ സ്വദേശിയായ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ പ്രതിയായ പ്രതിശ്രുതവധു സിയ ഗോയൽ, വിവാഹച്ചെലവിനായി കേതനിൽ നിന്ന് വാങ്ങിയ ഒരു കോടി രൂപ കാമുകനായ ചേതൻ ചൗധരിക്ക് കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തി. പണം ഉപയോഗിച്ച് ഇരുവരും ഒരുമിച്ച് പുതിയ ജീവിതം ആരംഭിക്കാനായിരുന്നു പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്.
ജൂൺ 18-ന് പൂനെയ്ക്ക് സമീപത്തെ ലോഹഗഡ് കോട്ടയിലേക്കുള്ള ട്രെക്കിങ്ങിനിടെ കേതൻ അഗർവാൾ കൊക്കയിലേക്ക് വീണ് മരിച്ചതാണ് ആദ്യം അപകടമെന്ന നിലയിൽ രജിസ്റ്റർ ചെയ്തത്. എന്നാൽ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രണം ചെയ്ത് തള്ളിയിട്ടാണ് കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പിന്നീട് പൊലീസ് എത്തിയത്. ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അന്വേഷണത്തിനിടെ സിയയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് വിവാഹ ഷോപ്പിങ്ങിനും ഒരുക്കങ്ങൾക്കുമായി കേതൻ നൽകിയ ഒരു കോടി രൂപ ചേതന് കൈമാറിയതായി കണ്ടെത്തിയത്. ഈ പണത്തിന്റെ ഉപയോഗവും മറ്റ് സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതികളുടെ ഡിജിറ്റൽ രേഖകളും സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിച്ചുവരുകയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.

