വിദ്യാർത്ഥി വിസയിലെ തൊഴിലാളി നിയമനം: പ്രമുഖ മാംസ സംസ്കരണ കമ്പനിക്കെതിരെ അന്വേഷണം

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ബീഫ് സംസ്കരണ പ്ലാന്റായ ക്വീൻസ്‌ലൻഡിലെ ഡിൻമോറിൽ ബ്രസീലിയൻ കമ്പനിയായ ‘ജെ.ബി.എസ് ഫുഡ്സ്’ (JBS Foods) നടത്തുന്ന വിദ്യാർത്ഥി വിസ നിയമനങ്ങളെക്കുറിച്ച് ഓസ്‌ട്രേലിയൻ സർക്കാർ അന്വേഷണം ആരംഭിച്ചു. ഓസ്‌ട്രേലിയയിലെ തദ്ദേശീയരായ തൊഴിലാളികളെ നിയമിക്കുന്നത് ഒഴിവാക്കാനും തൊഴിൽ വിപണിയിലെ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനുമാണോ കമ്പനി ഈ വിസകൾ ഉപയോഗിച്ചതെന്നാണ് രാജ്യം പരിശോധിക്കുന്നത്.

സ്ഥാപനത്തിൽ പുതിയതായി ഒരു എജ്യുക്കേഷൻ അക്കാദമി സ്ഥാപിച്ച് ബ്രസീലിയൻ ജീവനക്കാരെ വിദ്യാർത്ഥി വിസയിൽ ഇവിടെ ജോലി ചെയ്യാനും പഠിക്കാനും അനുവദിച്ച നടപടി സുതാര്യമല്ലെന്ന ആക്ഷേപം ശക്തമാണ്. തദ്ദേശീയരായ ജനങ്ങൾക്ക് തൊഴിൽ നൽകുന്നത് ഒഴിവാക്കാനുള്ള ഒരു തന്ത്രമായിട്ടാണോ ഈ വിസകൾ ഉപയോഗിച്ചതെന്ന് പരിശോധിക്കാൻ ഓസ്‌ട്രേലിയൻ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഇമിഗ്രേഷൻ മന്ത്രി മാറ്റ് തിസിൽത്ത്‌വൈറ്റ് സ്ഥിരീകരിച്ചു.

രാജ്യത്തെ ഏറ്റവും വലിയ മാംസ സംസ്കരണ പ്ലാന്റുകളിലൊന്നായ ഡിൻമോർ ഫെസിലിറ്റിയിലെ ഈ നടപടിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. എങ്കിലും കമ്പനിക്കെതിരെയുള്ള കണ്ടെത്തലുകളൊന്നും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *