മൂന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമം: പെർത്ത്–ബൻബറി ‘ഓസ്ട്രലിൻഡ്’ ട്രെയിൻ സർവീസ് വീണ്ടും തുടങ്ങി

പെർത്ത്: ഓസ്‌ട്രേലിയയിൽ ഏറെ ജനപ്രിയമായ പെർത്ത്–ബൻബറി ‘ഓസ്ട്രലിൻഡ്’ (Australind) ട്രെയിൻ സർവീസ് ഏകദേശം മൂന്ന് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ജൂൺ 29 മുതൽ വീണ്ടും യാത്ര ആരംഭിച്ചു. പഴയ ട്രെയിനുകളിലെ സാങ്കേതിക തകരാറുകളും റെയിൽവേ നവീകരണ പ്രവർത്തനങ്ങളും കാരണം 2023 നവംബർ മുതലായിരുന്നു ഈ റൂട്ടിലെ സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരുന്നത്. 160 മില്യൺ ഡോളർ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ പ്രാദേശികമായി നിർമ്മിച്ച പുതിയ ട്രെയിനുകളാണ് ഇനി സർവീസ് നടത്തുകയെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റിയും ഗതാഗതമന്ത്രി റീറ്റ സഫിയോറ്റിയും അറിയിച്ചു.

യാത്രക്കാർക്ക് കൂടുതൽ സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായി യു.എസ്.ബി-സി ചാർജിങ് പോർട്ടുകൾ, എൽ.ഇ.ഡി ലൈറ്റിങ്, ഓൺബോർഡ് ബുഫെ കൗണ്ടർ, സൈക്കിളുകൾ സൂക്ഷിക്കാനുള്ള പ്രത്യേക സൗകര്യം എന്നിവ പുതിയ കോച്ചുകളിൽ ഒരുക്കിയിട്ടുണ്ട്. രണ്ടര മണിക്കൂറാണ് പെർത്തിൽ നിന്നും ബൻബറിയിലേക്കുള്ള യാത്രാസമയം. ആദ്യഘട്ടത്തിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ നാല് റിട്ടേൺ സർവീസുകൾ മാത്രമാകും പുതിയ ട്രെയിൻ നടത്തുക. ബാക്കി ദിവസങ്ങളിൽ നിലവിലുള്ളതുപോലെ കോച്ച് ബസ് സർവീസുകൾ തുടരും. ഓഗസ്റ്റ് അവസാനത്തോടെ രണ്ടാമത്തെ പുതിയ ട്രെയിൻ കൂടി എത്തുന്നതോടെ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനും, അടുത്ത വർഷം തുടക്കത്തോടെ പ്രതിദിന സർവീസുകൾ ഇരട്ടിയാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *