കാക്കനാട്: മാവേലിപുരം ഓണം പാർക്കിന് സമീപമുള്ള റോഡിൽ സൈക്കിളിൽ യു-ടേൺ എടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി 30 അടി താഴ്ചയിലേക്ക് വീണ് കുട്ടി മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ തൃക്കാക്കര നഗരസഭയ്ക്ക് കമ്മീഷൻ കർശന നിർദ്ദേശം നൽകി.
കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണിതെന്നും, ഒരു ജീവൻ പൊലിഞ്ഞ ശേഷം നടപടികളിലേക്ക് കടന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ എപ്പോഴും പൂർണ്ണമായി നിയന്ത്രിച്ച് കൊണ്ടുപോകാൻ സാധിക്കില്ലെന്നും, അതിനാൽ തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും കുട്ടി-ബാലസൗഹൃദമായ സുരക്ഷിത സംവിധാനങ്ങൾ ഉണ്ടാവണമെന്നാണ് കമ്മീഷന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
അപകട ഭീഷണിയുയർത്തുന്ന സാഹചര്യങ്ങൾ പലയിടങ്ങളിലും നിലനിൽക്കുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണമെന്നും ചെയർപേഴ്സൺ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.

