തൊടുപുഴ: വെങ്ങല്ലൂരിൽ പിക്കപ്പ് വാൻ ഇടിച്ച് ആവോലി നടുക്കര പുലിമലയിൽ ബെന്നി വർക്കി (61) മരിച്ചു. തിങ്കളാഴ്ച രാവിലെ ഏഴോടെ വെങ്ങല്ലൂർ സ്മിത ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്.
സ്മിത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയ്ക്കായി ചായ വാങ്ങി തിരികെ റോഡ് മുറിച്ചുകടക്കുന്നതിനിടെ, തൊടുപുഴ ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ ബെന്നിയെ ഇടിക്കുകയായിരുന്നു. ഇടിച്ച ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം സ്മിത ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. റൂബിയാണ് ഭാര്യ. ആഷ്ന, അലീന എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട് നടക്കും.

