എഥനോൾ വിതരണ തർക്കം; കർണാടക ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡൽഹി: പൊതുമേഖലാ എണ്ണക്കമ്പനികളുടെ എഥനോൾ വിതരണ കോട്ട പുനഃപരിശോധിക്കണമെന്ന കർണാടക ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീം കോടതി താൽക്കാലിക സ്റ്റേ ഏർപ്പെടുത്തി. കേസിൽ നിലവിലെ സ്ഥിതി തുടരാൻ ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, ഷീൽ നാഗു എന്നിവരടങ്ങിയ വെക്കേഷൻ ബെഞ്ച് ഉത്തരവിട്ടു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന (E20 Fuel) കേന്ദ്ര സർക്കാരിന്റെ ദേശീയ നയത്തെ ഹൈക്കോടതി ഉത്തരവ് ദോഷകരമായി ബാധിക്കുമെന്ന എണ്ണക്കമ്പനികളുടെയും കേന്ദ്രത്തിന്റെയും വാദം കോടതി അംഗീകരിച്ചു. ഇന്ധനങ്ങളിൽ 20% എഥനോൾ ചേർക്കുന്ന നയത്തിൽ യാതൊരു മാറ്റവുമില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

എണ്ണക്കമ്പനികൾക്കായി മാത്രം എഥനോൾ ഉൽപ്പാദിപ്പിക്കുന്ന ‘വി.ഐ.എൻ.പി ഡിസ്റ്റിലറീസ് ആൻഡ് ഷുഗേഴ്സ്’ എന്ന സ്വകാര്യ കമ്പനി നൽകിയ ഹർജിയിലായിരുന്നു നേരത്തെ കർണാടക ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ടെൻഡർ നടപടികൾ അന്തിമമാക്കുന്നതിന് മുൻപ് വി.ഐ.എൻ.പി കമ്പനിയുടെ അപേക്ഷ പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.

എന്നാൽ, ഒരു കമ്പനിക്ക് വേണ്ടി കരാർ പുനഃപരിശോധിച്ചാൽ രാജ്യത്തുടനീളമുള്ള മറ്റ് എഥനോൾ ഉൽപ്പാദകരും സമാന ആവശ്യങ്ങളുമായി കോടതിയെ സമീപിക്കുമെന്ന് ബി.പി.സി.എല്ലിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി വാദിച്ചു. നിലവിൽ വിവിധ ഹൈക്കോടതികളിലായി 75-ലധികം കേസുകൾ ഇതേ വിഷയത്തിൽ നിലവിലുണ്ടെന്നും, ഇത് ഇന്ധന വിതരണ ശൃംഖലയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി സ്റ്റേ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *