സിഡ്നി: സിഡ്നിയിലെ നടപ്പാതകളിൽ അലക്ഷ്യമായി ഉപേക്ഷിക്കുന്ന ഷെയർഡ് ഇ-ബൈക്കുകളെ നിയന്ത്രിക്കാൻ കർശന നടപടിയുമായി ന്യൂ സൗത്ത് വെയിൽസ് സർക്കാർ. നഗരത്തിലെ നടപ്പാതകളിലെ തിരക്കും തടസ്സങ്ങളും ഒഴിവാക്കുന്നതിനായി പ്രത്യേക പാർക്കിങ് ബേകൾ സ്ഥാപിക്കാൻ പ്രാദേശിക കൗൺസിലുകൾക്ക് സർക്കാർ 6.6 മില്യൺ ഡോളർ അനുവദിച്ചു. ഓരോ കൗൺസിലിനും 200,000 ഡോളർ വരെയാണ് ഇതിനായി ലഭിക്കുക. ഇ-ബൈക്ക് സേവനദാതാക്കൾ ഓരോ യാത്രയിലും ഈടാക്കുന്ന 60 സെന്റ് ഫീസിൽ നിന്നാണ് ഈ പദ്ധതിക്കുള്ള തുക സമാഹരിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഓസ്‌ട്രേലിയയിൽ ഷെയർഡ് ഇ-ബൈക്കുകളുടെ എണ്ണം നാലുമടങ്ങ് വർധിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സിഡ്നിയിലാണ്. ട്രാൻസ്പോർട്ട് ഫോർ എൻ.എസ്.ഡബ്ല്യുവിന്റെ കണക്കുകൾ പ്രകാരം, ജനുവരിയിൽ 13,000 ആയിരുന്ന ഇ-ബൈക്കുകളുടെ എണ്ണം മെയ് മാസത്തിൽ 20,000 കടന്നു. പ്രതിമാസം 10 ലക്ഷത്തിലധികം പേർ ഇപ്പോൾ ഇത്തരം ഇ-ബൈക്കുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
ഷെയർഡ് ഇ-ബൈക്കുകളുടെ വർധനവ് നല്ലൊരു കാര്യമാണെങ്കിലും നടപ്പാതകളിലെ ‘വൈൽഡ് വെസ്റ്റ്’ രീതി അനുവദിക്കാൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി ജോൺ ഗ്രഹാം വ്യക്തമാക്കി. കാൽനടയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും നടപ്പാതകൾ തിരികെ നൽകാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇ-ബൈക്ക് സേവനങ്ങളുള്ള 16 കൗൺസിലുകൾക്കാണ് ഈ ഫണ്ട് ലഭിക്കുക. ഏറ്റവും കൂടുതൽ പരാതികൾ ഉയരുന്ന സ്ഥലങ്ങളിൽ മാർക്ക് ചെയ്ത പാർക്കിങ് ബേകൾ സ്ഥാപിക്കാനാണ് നിർദേശം.
പുതിയ നിയമപ്രകാരം കൗൺസിലുകൾക്ക് പ്രത്യേക ‘നോ-ഗോ’, ‘ഗോ-സ്ലോ’ സോണുകൾ പ്രഖ്യാപിക്കാൻ അധികാരമുണ്ടാകും. നിശ്ചയിച്ചിട്ടുള്ള പാർക്കിങ് സ്ഥലങ്ങൾ ഉപയോഗിക്കാത്ത കമ്പനികൾക്കെതിരെ കനത്ത പിഴയും ചുമത്തും. പാർക്കിങ് ബേകളിൽ ബൈക്ക് പാർക്ക് ചെയ്യാതെ യാത്ര അവസാനിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കാത്ത തരത്തിൽ ജിയോ-ട്രാക്കിങ് സംവിധാനം ഏർപ്പെടുത്താനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. സിഡ്നി സിറ്റി, നോർത്ത് സിഡ്നി, വേവർലി എന്നിവിടങ്ങളിൽ ഇതിനകം പരീക്ഷണാടിസ്ഥാനത്തിൽ പാർക്കിങ് സോണുകൾ നിലവിലുണ്ട്.
അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇ-ബൈക്കുകൾക്കെതിരെയുള്ള സുരക്ഷാ പരിശോധനകളും സർക്കാർ ശക്തമാക്കിയിട്ടുണ്ട്. മണിക്കൂറിൽ 25 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള സ്വകാര്യ ഇ-ബൈക്കുകൾ പിടിച്ചെടുത്ത് നശിപ്പിക്കാൻ അധികൃതർക്ക് അധികാരം നൽകിയിട്ടുണ്ട്. അതേസമയം, ഇ-ബൈക്ക് ഓടിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി സംബന്ധിച്ച തീരുമാനത്തിൽ സർക്കാർ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. വർഷാവസാനത്തോടെ ആയിരക്കണക്കിന് പുതിയ പാർക്കിങ് സ്ഥലങ്ങൾ ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

