വിക്ടോറിയ-കേരള സൗഹൃദം കൂടുതൽ ശക്തമാകുന്നു; ഓസ്‌ട്രേലിയൻ പ്രതിനിധി സംഘം കേരള നിയമസഭ സന്ദർശിച്ചു

തിരുവനന്തപുരം: ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനവും കേരളവും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സാംസ്‌കാരിക-വ്യാവസായിക സഹകരണവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ പ്രതിനിധി സംഘം കേരളത്തിൽ സന്ദർശനം നടത്തി. വിക്ടോറിയൻ പാർലമെന്റ് അംഗം ലീ തർലാമിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ-ഭരണ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിന് അഭിമാനമായി ഗവൺമെന്റ് പ്രതിനിധിയായി ഫിനി മാത്യുവും സംഘത്തിന്റെ ഭാഗമായിരുന്നു.

സന്ദർശനത്തിന്റെ ഭാഗമായി കേരള നിയമസഭാ മന്ദിരത്തിലെത്തിയ വിക്ടോറിയൻ പ്രതിനിധി സംഘത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. നിയമസഭയിലെ സഭാ നടപടികൾ നേരിട്ട് വീക്ഷിച്ച സംഘം, ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ജനാധിപത്യ മൂല്യങ്ങളെയും സഹകരണ സാധ്യതകളെയും കുറിച്ച് സ്പീക്കറുമായും ഡെപ്യൂട്ടി സ്പീക്കറുമായും ആശയവിനിമയം നടത്തി.

തുടർന്ന് കേരള മുഖ്യമന്ത്രി വി. ഡി. സതീശനുമായി സംഘം പ്രത്യേക കൂടിക്കാഴ്ച നടത്തി. വിക്ടോറിയയും കേരളവും തമ്മിൽ വ്യാപാരം, വിദ്യാഭ്യാസം, ആരോഗ്യം, മൾട്ടികൾച്ചറൽ രംഗം തുടങ്ങിയ മേഖലകളിൽ പുതിയ പങ്കാളിത്തത്തിന് വഴിതുറക്കുന്നതായിരുന്നു ചർച്ചകൾ. പരസ്പര ബഹുമാനത്തിലും പങ്കുവെക്കപ്പെട്ട കാഴ്ചപ്പാടുകളിലും അധിഷ്ഠിതമായ അന്താരാഷ്ട്ര സൗഹൃദം ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ലീ തർലാമിസ് വ്യക്തമാക്കി.

രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, പി. കെ. ബഷീർ, അബ്ദുൽ ഗഫൂർ, കെ. എ. തുളസി, ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് തുടങ്ങിയ പ്രമുഖ നേതാക്കളുമായും സംഘം ആശയവിനിമയം നടത്തി. വിക്ടോറിയയിലെയും കേരളത്തിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും ഭാവിയിലെ വികസന കൂട്ടായ്മകൾക്ക് അടിത്തറയിടാനും ഈ സമ്പർക്കങ്ങൾ ഉപകരിക്കുമെന്ന് സംഘം വിലയിരുത്തി. ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിന്റെ പ്രതിനിധിയായി ഫിനി മാത്യു സംഘത്തിൽ സജീവ സാന്നിധ്യമായത് വിക്ടോറിയൻ ഗവൺമെന്റിന് പ്രവാസി മലയാളികളോടുള്ള കരുതലിന്റെയും അംഗീകാരത്തിന്റെയും തെളിവായി മാറി. വിക്ടോറിയ-കേരള ബന്ധത്തിൽ ഒരു പുതിയ സുവർണ്ണ അധ്യായം കുറിക്കുന്നതായിരുന്നു ഈ സന്ദർശനം.

Leave a Reply

Your email address will not be published. Required fields are marked *