ചെന്നൈ: തമിഴ്നാട്ടിലെ പൊതുഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങളുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സംസ്ഥാന സർക്കാർ ഇനി മുതൽ വാങ്ങുന്ന എല്ലാ പുതിയ പൊതുഗതാഗത ബസുകളും പൂർണ്ണമായും എയർകണ്ടീഷൻ ചെയ്തവയായിരിക്കുമെന്ന് ഗതാഗത മന്ത്രി വിജയ് തമിഴൻ പാർത്ഥിപൻ അറിയിച്ചു. സാധാരണക്കാരായ ജനങ്ങളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം.
പൊതുഗതാഗത സംവിധാനം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി, കഴിഞ്ഞ വാരം 127.21 കോടി രൂപ ചെലവിൽ നിർമ്മിച്ച 300 പുതിയ സർക്കാർ ബസുകളുടെ ഫ്ലാഗ് ഓഫ് ചെന്നൈയിൽ വെച്ച് മുഖ്യമന്ത്രി വിജയ് നിർവ്വഹിച്ചിരുന്നു. ഇതിൽ 164 എണ്ണം ഡീസൽ ബസുകളും, 136 എണ്ണം പരിസ്ഥിതി സൗഹൃദമായ ബിഎസ്-VI സിഎൻജി ബസുകളുമാണ്.
ഈ പരിപാടിക്ക് പിന്നാലെ ചെന്നൈയിലെ ഒരു സാധാരണ ലോക്കൽ ബസിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്ത മുഖ്യമന്ത്രി, യാത്രാക്കാരുമായും കണ്ടക്ടറുമായും നേരിട്ട് സംസാരിക്കുകയുണ്ടായി. കടുത്ത ചൂടിൽ യാത്ര ചെയ്യുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കിയ അദ്ദേഹം, പുതിയ ബസുകളിൽ എയർകണ്ടീഷൻ സൗകര്യം നിർബന്ധമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകുകയായിരുന്നു. സേലത്ത് നടന്ന പൊതുപരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഗതാഗത മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങളെപ്പോലും വിപുലമായ ബസ് ശൃംഖല വഴി ബന്ധിപ്പിക്കണമെന്നും, എല്ലാ ബസുകളിലും അത്യാധുനിക സൗകര്യങ്ങൾ ഉറപ്പാക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ താൽപ്പര്യമെന്നും മന്ത്രി വ്യക്തമാക്കി.

