കോഴിക്കോട്: സ്വന്തം വിവാഹത്തിനും പുതിയ വീടിന്റെ ഗൃഹപ്രവേശത്തിനുമായി നാട്ടിലേക്ക് മടങ്ങാനിരിക്കെ സൗദി അറേബ്യയിൽ അന്തരിച്ച കോഴിക്കോട് എടക്കാട് പുതിയങ്ങാടി സ്വദേശി ഉഴുത്താൽ പറമ്പിൽ മുന്ന സാഹിലിന്റെ (26) മൃതദേഹം ഖബറടക്കി. മൃതദേഹം നാട്ടിലെത്തിച്ച ശേഷം എടക്കാട് പുതിയങ്ങാടിയിലെ കോയ റോഡ് തെരുവത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് നിസ്കാരത്തിന് ശേഷം ഖബറടക്കം നടത്തി.
അഞ്ച് മാസം മുമ്പായിരുന്നു മുന്ന സാഹിലിന്റെ വിവാഹനിശ്ചയം നടത്തിയത്. പുതിയ വീടിന്റെ ഗൃഹപ്രവേശവും വിവാഹവും ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബം. ഈ മാസം 26-ന് നാട്ടിലെത്താൻ പദ്ധതിയിട്ടിരുന്ന മുന്നയുടെ അപ്രതീക്ഷിത വേർപാട് വലിയ വേദനയാണ് കുടുംബത്തിനും നാട്ടുകാർക്കും പ്രവാസി സമൂഹത്തിനും നൽകിയത്.
കഴിഞ്ഞ നാല് വർഷമായി സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിലുള്ള ഒരു ഭക്ഷ്യോൽപന്ന വിതരണ കമ്പനിയിൽ കാഷ്യറായി ജോലി ചെയ്തു വരികയായിരുന്നു മുന്ന. ഒരാഴ്ച മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഗോഡൗണിനോട് ചേർന്ന നിർമാണത്തിലിരുന്ന കെട്ടിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സൗദി പോലീസ് അന്വേഷണം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതിനെ തുടർന്ന്, ഇന്ത്യൻ എംബസിയുടെയും ഒ.ഐ.സി.സി പ്രവർത്തകരുടെയും സഹകരണത്തോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. അഷ്റഫ്–സാഫിയ ദമ്പതികളുടെ മകനാണ് മരിച്ച മുന്ന സാഹിൽ

