സിഡ്നി: യൂറോപ്പിനെ ഇളക്കിമറിച്ച മോഹൻലാൽ മെഗാ ഷോ ഓസ്ട്രേലിയയിലേക്ക്. പ്രവാസി മലയാളി ചരിത്രത്തിലെ ഏറ്റവും വലിയ ദൃശ്യ-സംഗീത വിസ്മയത്തിന് ഓഗസ്റ്റ് എട്ടിന് സിഡ്നി വേദിയാകുന്നു. ജർമ്മനി, ലണ്ടൻ, അയർലൻഡ് എന്നിവിടങ്ങളിൽ പതിനായിരങ്ങളുടെ പങ്കാളിത്തത്തോടെ ചരിത്ര വിജയം കൈവരിച്ചതിന് ശേഷമാണ് ഷോ സിഡ്നിയിലെത്തുന്നത്.
ഈ വിദേശ പര്യടനത്തിന്റെ ഏറ്റവും വലിയ സവിശേഷത മലയാള സിനിമയുടെ നടനവിസ്മയം മോഹൻലാലും ഇന്ത്യയുടെ വാനമ്പാടി കെ.എസ്. ചിത്രയും തങ്ങളുടെ 45 വർഷത്തെ കരിയറിനിടയിൽ ഇതാദ്യമായി ഒരു വിദേശ സ്റ്റേജ് ഷോ പൂർണ്ണമായി ഒരുമിച്ച് പങ്കിടുന്നു എന്നതാണ്. പത്മഭൂഷൺ, പത്മശ്രീ ജേതാക്കളായ ഈ രണ്ട് ഇതിഹാസങ്ങളും ഒരേ വേദിയിൽ എത്തുന്ന ചരിത്ര നിമിഷത്തിനാണ് സിഡ്നി സാക്ഷ്യം വഹിക്കാൻ പോകുന്നത്.
കായൽ ഇവന്റ്സ് (Kayal Events) ഒരുക്കുന്ന ഈ മെഗാ പ്രൊഡക്ഷന്‍ ‘വൈകിട്ട് എന്താ പരിപാടി’ (Vaikittentha Paripadi) എന്നാണ് പേരിട്ടിരിക്കുന്നത്. ഓഗസ്റ്റ് എട്ട് ശനിയാഴ്ച നോർവെസ്റ്റ് കൺവെൻഷൻ സെന്ററിലാണ് (Norwest Convention Centre) അഞ്ചര മണിക്കൂർ നീളുന്ന പരിപാടി അരങ്ങേറുന്നത്. മോഹൻലാലിനും കെ.എസ്. ചിത്രയ്ക്കുമൊപ്പം സ്റ്റീഫൻ ദേവസ്സി, മനോജ് കെ. ജയൻ, അജു വർഗീസ്, കലാഭവൻ ഷാജോൺ, പാരീസ് ലക്ഷ്മി, അന്ന പ്രസാദ്, ഭാമ അരുൺ തുടങ്ങിയ വൻ താരനിരയും പരിപാടിയിൽ അണിനിരക്കുന്നുണ്ട്. ടിക്കറ്റുകൾ www.justeasybook.com/events/mohanlal-live-sydney എന്ന പോർട്ടലിലൂടെ ലഭ്യമാണ്.

