ടസ്‌മാനിയയിലെ ‘താരം; വാഹനങ്ങളും വേലികളും തകർത്ത് നീൽ എന്ന ആന സീൽ

ഹോബാർട്ട്: ദക്ഷിണ ടസ്‌മാനിയയിലെ ഗ്രാമങ്ങളിൽ ഇപ്പോൾ താരം ഒരു അഞ്ചുവയസ്സുകാരനാണ്; പക്ഷെ അതൊരു മനുഷ്യക്കുട്ടിയല്ല, നീൽ എന്ന് പേരുള്ള ആയിരം കിലോ ഭാരമുള്ള ഒരു ആനസീൽ ആണ്. ടസ്‌മാനിയയിലെ തെരുവുകളിൽ വാഹനങ്ങൾ തടയുകയും വേലികളും ട്രാഫിക് കോണുകളും തകർക്കുകയും ചെയ്യുന്ന നീൽ ഇപ്പോൾ അവിടുത്തെ ഒരു പ്രാദേശിക ഇതിഹാസമായി മാറിക്കഴിഞ്ഞു. ടസ്‌മാനിയ കൗൺസിൽ മേയർ റോഡ് മാക്‌ഡൊണാൾഡ് പറയുന്നതനുസരിച്ച്, വലിയ വാഹനങ്ങളിൽ പോലും കേടുപാടുകൾ വരുത്താൻ കെൽപ്പുള്ള നീൽ, പ്രദേശവാസികൾക്ക് വലിയ കൗതുകമാണ് സമ്മാനിക്കുന്നത്.

2020-ൽ ടസ്‌മാനിയയിൽ ജനിച്ച നീൽ എല്ലാ വർഷവും ഈ പ്രദേശത്തേക്ക് മടങ്ങിയെത്താറുണ്ട്. ശരീരവലിപ്പം കൂടിവരുന്നതനുസരിച്ച് കാര്യങ്ങൾ കുറച്ചുകൂടി സങ്കീർണ്ണമാകുന്നുണ്ടെന്ന് ടസ്‌മാനിയ സർവകലാശാലയിലെ സീൽ വിദഗ്ധ ഡോ. ജെയ്ൻ യംഗർ വ്യക്തമാക്കുന്നു. നിലവിൽ ഏകദേശം 1000 കിലോ ഭാരമുള്ള നീൽ ഇനിയും വളരാൻ സാധ്യതയുണ്ടെന്നും, പൂർണ്ണവളർച്ചയെത്തിയ ആൺ സീലുകൾക്ക് രണ്ട് മുതൽ മൂന്നര ടൺ വരെ ഭാരമുണ്ടാകാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ആനസീൽ പോലെയുള്ള ജീവികളുടെ സ്വാഭാവികമായ പെരുമാറ്റമാണ് നീലിലൂടെ കാണാൻ കഴിയുന്നതെന്നും, മറ്റ് സീലുകളുമായുള്ള സമ്പർക്കത്തിനായാണ് അവൻ കരയിലേക്ക് വരുന്നതെന്നും വിദഗ്ധർ വിശദീകരിക്കുന്നു.

നീലുമായുള്ള അനാവശ്യ സമ്പർക്കങ്ങൾ ഒഴിവാക്കാൻ ടസ്‌മാനിയയിലെ ജനങ്ങൾ ശ്രദ്ധിക്കാറുണ്ടെങ്കിലും, ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയും ജനങ്ങളെ അവഗണിക്കുകയും ചെയ്താലും ആളുകൾക്ക് അവനെ അത്രമേൽ ഇഷ്ടമാണ്. സ്വതന്ത്ര ടസ്‌മാനിയൻ സെനറ്റർ ജാക്കി ലാമ്പിയുടെ വാക്കുകളിൽ പറഞ്ഞാൽ, ടസ്‌മാനിയയിൽ ട്രാഫിക് തടയുകയും എല്ലാവരെയും അവഗണിക്കുകയും ചെയ്താലും എല്ലാവരാലും ഇത്രയധികം സ്നേഹിക്കപ്പെടുന്ന ഒരേയൊരു വ്യക്തി നീൽ മാത്രമാണ്. ആറ് ആഴ്ചയോളം നീൽ ഈ പ്രദേശങ്ങളിൽ തുടരാനാണ് സാധ്യതയെന്നാണ് സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. ക്ലൈവ് മക്മോഹൻ പറയുന്നത്. മറ്റ് ആൺ സീലുകളുമായി ഇടപഴകാനും വിശ്രമിക്കാനും വേണ്ടിയാണ് അവൻ ഈ സന്ദർശനം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *