സിഡ്നി: നടപ്പ് 2026 സാമ്പത്തിക വർഷത്തിൽ 8.15 ദശലക്ഷത്തിലധികം ഓസ്‌ട്രേലിയക്കാർ ടാക്സ് റീഫണ്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്കിംഗ് ഗ്രൂപ്പായ ഐഎൻജിയുടെ (ING) റിപ്പോർട്ട്. ശരാശരി 1,189.05 ഡോളർ വീതമാണ് ഇവർക്ക് റീഫണ്ടായി ലഭിക്കാൻ സാധ്യതയുള്ളത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 11.2 ബില്യൺ ഡോളർ ആയിരുന്ന ആകെ റീഫണ്ട് തുക, ഇത്തവണ ഏകദേശം 9.7 ബില്യൺ ഡോളറായി കുറഞ്ഞു. റീഫണ്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 10 ദശലക്ഷത്തിലധികം പേരായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ശരാശരി ലഭിക്കുന്ന റീഫണ്ട് തുകയിൽ 12.25 ഡോളറിന്റെ വർധനവുണ്ടെങ്കിലും, റീഫണ്ട് ലഭിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായ കുറവാണ് മൊത്തം റീഫണ്ട് തുകയിൽ ഇടിവുണ്ടാക്കിയത്.
ലഭിക്കുന്ന റീഫണ്ട് തുക ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമ്പാദിക്കാനാണ് ഭൂരിഭാഗം ഓസ്‌ട്രേലിയക്കാരും ആഗ്രഹിക്കുന്നത്. ഇതിൽ 23 ശതമാനം പേർ റീഫണ്ട് തുക അത്യാവശ്യ ഘട്ടങ്ങൾക്കായി നീക്കിവെക്കുന്ന എമർജൻസി ഫണ്ടിലേക്ക് മാറ്റുമെന്ന് അറിയിച്ചു. 13 ശതമാനം പേർ ഈ തുക ഉപയോഗിച്ച് നിലവിലുള്ള കടബാധ്യതകൾ തീർക്കാനാണ് പദ്ധതിയിടുന്നത്.

