മെൽബൺ: ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയത്തിന് കളമൊരുക്കി ‘വൺ നേഷൻ’ പാർട്ടി. ഓസ്ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ പ്രമുഖ ഏജൻസിയായ റെഡ്ബ്രിഡ്ജുമായി ചേർന്ന് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് വൺ നേഷൻ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കുതിപ്പ് തുടരുന്നത്. ജൂൺ 17 മുതൽ 28 വരെ 5,516 വോട്ടർമാർക്കിടയിൽ നടത്തിയ സർവേയിലാണ് രാഷ്ട്രീയ കേരളത്തെപ്പോലും അത്ഭുതപ്പെടുത്തുന്ന വിവരങ്ങൾ പുറത്തുവന്നത്.
നവംബർ 28-ന് നടക്കാനിരിക്കുന്ന വിക്ടോറിയൻ തിരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ബാക്കി നിൽക്കെ, വൺ നേഷൻ പാർട്ടി 27 ശതമാനം പ്രാഥമിക വോട്ട് നേടി ഒന്നാമതെത്തി. ഫെബ്രുവരിയെ അപേക്ഷിച്ച് മൂന്ന് ശതമാനം വോട്ട് വർധനവാണ് പാർട്ടി രേഖപ്പെടുത്തിയത്. ഓസ്ട്രേലിയയിലെ ലേബർ പാർട്ടിയും പ്രതിപക്ഷമായ കൊളിഷനും 26 ശതമാനം വീതം വോട്ടുകൾ നേടി ഒപ്പത്തിനൊപ്പമാണ്. ലേബർ പാർട്ടിക്ക് ഒരു ശതമാനം വോട്ട് വർധിച്ചപ്പോൾ കൊളിഷൻ പാർട്ടിക്ക് രണ്ട് ശതമാനം വോട്ട് കുറഞ്ഞു.
മൂന്ന് സ്ഥാനാർഥികളെ മുൻനിർത്തിയുള്ള തിരഞ്ഞെടുപ്പ് കണക്കുകളിൽ ലേബർ പാർട്ടി 39.9 ശതമാനവും കൊളിഷൻ 30.1 ശതമാനവും വൺ നേഷൻ 29.9 ശതമാനവും നേടി. എന്നാൽ രണ്ട് പാർട്ടികൾ തമ്മിലുള്ള നേരിട്ടുള്ള മത്സരത്തിൽ കൊളിഷൻ 54 ശതമാനം വോട്ടോടെ ലേബർ പാർട്ടിയെ (46%) പിന്നിലാക്കി മുന്നേറുന്നു.
ഗ്രാമീണ മേഖലകളിലാണ് വൺ നേഷൻ പാർട്ടിക്ക് ഏറ്റവും കൂടുതൽ സ്വാധീനം. ഗ്രാമങ്ങളിൽ 34 ശതമാനവും പ്രവിശ്യാ മേഖലകളിൽ 31 ശതമാനവും വോട്ട് ഇവർക്ക് ലഭിക്കുന്നുണ്ട്. വൺ നേഷൻ പാർട്ടിക്ക് വോട്ട് ചെയ്യുന്നവരിൽ 62 ശതമാനം പേരും പാർട്ടിയോട് അതീവ കൂറ് പുലർത്തുന്നവരാണെന്നും സർവേ വ്യക്തമാക്കുന്നു. 1.4 ശതമാനമാണ് സർവേയുടെ പിശക് സാധ്യത.വിക്ടോറിയയിലെ 88 സീറ്റുള്ള ലോവർ ഹൗസിൽ നിലവിൽ ലേബർ പാർട്ടിക്ക് 54 സീറ്റും കൊളിഷന് 29 സീറ്റുമുണ്ട്. അപ്പർ ഹൗസിൽ ഒരു സീറ്റ് മാത്രമുള്ള വൺ നേഷൻ പാർട്ടിക്ക് നിലവിൽ സംസ്ഥാനത്ത് ഔദ്യോഗിക നേതാവുമില്ല. എന്നിരുന്നാലും സർവേ ഫലങ്ങൾ ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

