എന്റെ പാട്ടുകൾക്ക് മേൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൈയേറ്റം അനുവദിക്കില്ല; സർക്കാരിന് താക്കീതുമായി ജെസീക്ക മൗബോയ്

കാൻബറ: ഓസ്‌ട്രേലിയൻ സംഗീത, കലാ മേഖലകളെ ആശങ്കയിലാക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികൾക്ക് അധികാരം നൽകാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രമുഖ ഓസ്‌ട്രേലിയൻ ഗായികയും നടിയുമായ ജെസീക്ക മൗബോയ് ആണ് സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിലുള്ള പകർപ്പവകാശ സംരക്ഷണ നിയമങ്ങളിൽ മാറ്റം വരുത്തരുതെന്നും, കലാകാരന്മാരുടെ അനുവാദമില്ലാതെ അവരുടെ സൃഷ്ടികൾ എഐ കമ്പനികൾക്ക് ഉപയോഗിക്കാൻ അവസരം നൽകരുതെന്നും അവർ ആവശ്യപ്പെട്ടു.

തന്റെ സൃഷ്ടികൾ എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം കലാകാരന്മാർക്കുണ്ട്. ഓസ്‌ട്രേലിയൻ സംസ്കാരത്തെ പണയം വെക്കുന്ന തരത്തിലുള്ള തീരുമാനങ്ങളിൽ നിന്ന് അൽബനീസ് സർക്കാർ പിന്തിരിയണമെന്നും ജെസീക്ക മൗബോയ് ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി. സ്വന്തം സംഗീതത്തെ അനുവാദമില്ലാതെ എഐ സംവിധാനങ്ങൾക്ക് പരിശീലനം നൽകാനായി വലിയ സാങ്കേതിക കമ്പനികൾക്ക് വിട്ടുനൽകുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയിലെ സംഗീത, പ്രസിദ്ധീകരണ, കലാ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത കാൻബറയിലെ പകർപ്പവകാശ സംരക്ഷണ ക്യാമ്പയിനിന് മുന്നോടിയായാണ് ജെസീക്ക മൗബോയ് നിലപാട് വ്യക്തമാക്കിയത്. കലാകാരന്മാരുടെ അധ്വാനത്തെ സംരക്ഷിക്കണമെന്നും സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടികളുണ്ടാകണമെന്നും ആവശ്യപ്പെട്ടുള്ള വലിയൊരു ക്യാമ്പയിനിലേക്കാണ് ഈ വിഷയം ഇപ്പോൾ നീങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *