ബ്രിസ്‌ബേൻ: നിയമവിരുദ്ധമായ ഇ-ബൈക്ക്, ഇ-സ്കൂട്ടർ ഉപയോഗം തടയുന്നതിനായി ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലാൻഡിൽ കർശന നടപടികൾ ആരംഭിച്ചു. 16 വയസ്സിന് താഴെയുള്ള കുട്ടികൾ നിയമവിരുദ്ധമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഇനി മുതൽ പിഴ ചുമത്തുന്നത് അവരുടെ രക്ഷിതാക്കൾക്കായിരിക്കും.
ക്വീൻസ്‌ലാൻഡിലെ നിയമപരമായ വേഗത പരിധിക്ക് മുകളിലുള്ള (പരമാവധി 25 കി.മീ/മണിക്കൂർ, നടപ്പാതകളിൽ 12 കി.മീ/മണിക്കൂർ) എല്ലാ ഉപകരണങ്ങളും ‘നോൺ-കംപ്ലയന്റ്’ ആയി കണക്കാക്കും. ഓഗസ്റ്റ് 1 മുതൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാകും. ഇതനുസരിച്ച്, ഇ-ബൈക്കുകൾ ഓടിക്കുന്നവർക്ക് കുറഞ്ഞത് 16 വയസ്സ് തികയുകയും നിർബന്ധമായും ലൈസൻസ് ഉണ്ടായിരിക്കുകയും വേണം.
“നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുക, ഹെൽമെറ്റ് ധരിക്കുക, അറിവോടെ തീരുമാനങ്ങൾ എടുക്കുക,” എന്ന് ക്വീൻസ്‌ലാൻഡ് പോലീസ് എമർജൻസി റെസ്‌പോൺസ് ആൻഡ് കോർഡിനേഷൻ കമാൻഡ് അസിസ്റ്റന്റ് കമ്മീഷണർ റൈസ് വൈൽഡ്മാൻ പറഞ്ഞു. കഴിഞ്ഞ വർഷം ക്വീൻസ്‌ലാൻഡിൽ ഇ-മൊബിലിറ്റി ഉപകരണങ്ങളുമായി ബന്ധപ്പെട്ട് 12 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം ഇതുവരെ നാല് പേർ ഇത്തരത്തിൽ മരണപ്പെട്ടു.
അയൽസംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസും പുതിയ ഇ-ബൈക്ക് നിയമങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്നതും ഉപയോഗിക്കുന്നതുമായ ഷെയർഡ്-റൈഡ് ഇ-ബൈക്കുകളെ നേരിടാൻ 6 ദശലക്ഷം ഡോളറിലധികം തുകയാണ് അവിടെ വകയിരുത്തിയിരിക്കുന്നത്.

