ഹോബാർട്ട്: ടാസ്മാനിയയിലെ തീരത്ത് സന്ദർശകനായെത്തിയ ‘നീൽ’ എന്ന കൂറ്റൻ സതേൺ എലിഫന്റ് സീലിന്റെ സുരക്ഷയിൽ ആശങ്കയേറി. ആയിരം കിലോഗ്രാം ഭാരമുള്ള ഈ ഭീമൻ സമുദ്രജീവിക്ക് ചുറ്റും മനുഷ്യർ തടിച്ചുകൂടുന്നത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നതെന്ന് വന്യജീവി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. നീലിനൊപ്പം ഫോട്ടോ എടുക്കാൻ ചിലർ കുഞ്ഞുങ്ങളെപ്പോലും വളരെ അടുത്ത് എത്തിക്കുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2020 ഒക്ടോബറിൽ ടാസ്മാനിയയിൽ ജനിച്ച നീൽ, ഈ വർഗ്ഗത്തിൽപ്പെട്ട സീലുകൾക്ക് സ്വാഭാവികമല്ലാത്ത രീതിയിൽ തന്റെ ജന്മനാടായ ഇവിടെത്തന്നെ തുടരാനാണ് ഇഷ്ടപ്പെടുന്നത്. ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള മാക്വാരി, ഹേർഡ് ദ്വീപുകളാണ് ഇവയുടെ സ്വാഭാവിക ആവാസകേന്ദ്രം. എങ്കിലും ജന്മനാട് മാത്രം അറിയുന്ന നീൽ വിശ്രമത്തിനും കളികൾക്കുമായി വർഷത്തിൽ പലതവണ ഇവിടെ തിരിച്ചെത്താറുണ്ട്.
“നീൽ പുറമേ ശാന്തനായും സുന്ദരനായും കാണപ്പെടുമെങ്കിലും ഇതൊരു വലിയ സമുദ്ര വേട്ടക്കാരനാണ്. ധ്രുവക്കരടികളെയോ കാട്ടുപോത്തുകളെയോ നമ്മൾ എങ്ങനെയാണോ സമീപിക്കുന്നത്, അതുപോലെ തന്നെ ഇതിനെയും കരുതലോടെ കാണണം,” ടാസ്മാനിയൻ ഡിപ്പാർട്ട്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്സസ് വന്യജീവി ആരോഗ്യ വിഭാഗം മേധാവി ഡോ. ക്രിസ് കാർലിയോൺ പറഞ്ഞു. ജനങ്ങളുടെ അമിതമായ താല്പര്യം നീലിന്റെ മരണത്തിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻസ്റ്റാഗ്രാം ചിത്രങ്ങൾക്കായി കുഞ്ഞുങ്ങളെപ്പോലും സീലിന്റെ തൊട്ടടുത്ത് എത്തിക്കുന്നത് അപകടകരമാണ്. നോർവേയിൽ 2022-ൽ സമാനമായ സാഹചര്യം സൃഷ്ടിച്ച ‘ഫ്രേയ’ എന്ന വാൽറസിനെ പിന്നീട് മനുഷ്യർക്ക് ഭീഷണിയാണെന്ന് കണ്ട് ദയാവധത്തിന് വിധേയമാക്കേണ്ടി വന്നത് ഓർമ്മിപ്പിക്കുകയാണ് അധികൃതർ. തെക്കൻ സമുദ്രത്തിലെ ഭക്ഷണ കാലത്തിന് ശേഷം ആറാഴ്ചയോളം കരയിൽ വിശ്രമിക്കാനെത്തുന്ന നീലിനെ അസ്വസ്ഥനാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും, ഭക്ഷണം നൽകാൻ ശ്രമിക്കരുതെന്നും വന്യജീവി വകുപ്പ് നിർദ്ദേശിക്കുന്നു. ഭാവിയിൽ 3,500 കിലോ ഭാരവും 4.5 മീറ്റർ നീളവും കൈവരിക്കാൻ സാധ്യതയുള്ള നീലിന്റെ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങൾ അകലം പാലിക്കണമെന്നാണ് നിർദ്ദേശം.

