റോബോട്ടിക് വാക്വം ക്ലീനർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു ; യുവാവിന് 75 ശതമാനം പൊള്ളൽ, ഗുരുതരാവസ്ഥയിൽ

പെർത്ത്: റോബോട്ടിക് വാക്വം ക്ലീനർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയയിലെ പെർത്തിൽ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ. പെർത്ത് സ്വദേശിയായ ഇരുപതുകാരൻ ലാച്ചി പെറെം (Lachie Perrem) ആണ് ജീവനുവേണ്ടി പോരാടുന്നത്. അപകടത്തിൽ ഇയാളുടെ വീട് പൂർണ്ണമായും നശിക്കുകയും പ്രതിശ്രുത വധുവും സുഹൃത്തുക്കളും ഭവനരഹിതരാകുകയും ചെയ്തു.

കഴിഞ്ഞ ജൂലൈ 2 വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ പെർത്തിന്റെ വടക്ക്-കിഴക്കൻ മേഖലയായ ബ്രാബ്ഹാമിലെ ലാച്ചിയുടെ വീടിന്റെ അടുക്കളയിലാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സിന്റെ നാല് യൂണിറ്റുകൾ എത്തി രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ പൂർണ്ണമായും അണച്ചത്. റോബോട്ടിക് വാക്വം ക്ലീനറിലുണ്ടായ തകരാറാണ് വൻ ദുരന്തത്തിന് കാരണമായതെന്ന് സംസ്ഥാന ഫയർ ആൻഡ് എമർജൻസി സർവീസസ് വിഭാഗം കണ്ടെത്തി.

ശരീരത്തിൽ 75 ശതമാനത്തോളം ഗുരുതരമായി പൊള്ളലേറ്റ ലാച്ചി നിലവിൽ ഫിയോണ സ്റ്റാൻലി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മകന് ബോധം വീണ്ടെടുത്തിട്ടില്ലെന്നും നിരവധി ശസ്ത്രക്രിയകളും മാസങ്ങൾ നീണ്ട പുനരധിവാസ ചികിത്സയും അടക്കം വലിയൊരു അതിജീവന പാതയാണ് മുന്നിലുള്ളതെന്നും ലാച്ചിയുടെ അമ്മ ഫിയോണ വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സ്ത്രീയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ലാച്ചി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടത്തിലാണെന്ന് പ്രതിശ്രുത വധു ബ്രൈ തോംസൺ സോഷ്യൽ മീഡിയയിൽ കുറിച്ചു.

റോബോട്ടിക് വാക്വം ക്ലീനർ കാരണം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ തീപിടുത്തമാണിത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സാധാരണ വാക്വം ക്ലീനറുകൾ കാരണം നാല് തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉപകരണത്തിന്റെ ഇലക്ട്രിക്കൽ തകരാറാണോ അതോ അതിലെ ലിഥിയം അയൺ ബാറ്ററിയാണോ അപകടത്തിന് കാരണമായതെന്ന് വ്യക്തമല്ല. വിശദമായ പരിശോധനകൾക്കായി വാക്വം ക്ലീനർ സംസ്ഥാന ബിൽഡിംഗ് ആൻഡ് എനർജി ഓഫീസിലേക്ക് അയച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *