അഡ്ലെയ്ഡ്: ഓസ്ട്രേലിയ ഒരു ബഹുസംസ്കാര സമൂഹമല്ലെന്ന വാദങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് പ്രമുഖ ദേശീയ ഫുട്ബോൾ ടീം (Socceroos) താരം ആവർ മബിൽ. ഓസ്ട്രേലിയൻ ദേശീയ ടീം തങ്ങളുടെ ‘ഏകസംസ്കാര’ കാഴ്ചപ്പാടിന്റെ വിജയകരമായ ഉദാഹരണമാണെന്ന വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ഈജിപ്തിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ (4-2) പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ തിങ്കളാഴ്ച അഡ്ലെയ്ഡ് വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴാണ് താരം മാധ്യമങ്ങളോട് മനസ്സ് തുറന്നത്.
ദേശീയ ടീമിനെ രാഷ്ട്രീയ ഫുട്ബോളാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും തങ്ങൾ അതിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്ന് മബിൽ വ്യക്തമാക്കി. “ഞങ്ങൾ എന്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. ലോകത്തിലെ ഏറ്റവും വലിയ വേദിയിലാണ് ഞങ്ങൾ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാണ് ഓസ്ട്രേലിയ, അതിന്റെ ഏറ്റവും മികച്ച പ്രതിഫലനമാണ് സോക്കറൂസ് ടീം. ഇതിനെ വിഭജിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ, അവർ ശരിയായ അർത്ഥത്തിൽ ഓസ്ട്രേലിയക്കാർ തന്നെയായിരിക്കില്ല. കാരണം ഓസ്ട്രേലിയ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒന്നാണ്, അത് തന്നെയാണ് ഈ ടീമും,” താരം പറഞ്ഞു.
കെനിയൻ അഭയാർത്ഥി ക്യാമ്പിൽ ദക്ഷിണ സുഡാൻ ദമ്പതികളുടെ മകനായി ജനിച്ച്, കുട്ടിക്കാലത്ത് ഓസ്ട്രേലിയയിലേക്ക് കുടിയേറി പൗരത്വം നേടിയ വ്യക്തിയാണ് വിങ്ങറായ ആവർ മബിൽ. അഭയാർത്ഥി സമൂഹങ്ങൾക്കിടയിലെ ആരോഗ്യ-വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻനിർത്തി 2023-ൽ ഇദ്ദേഹത്തെ ‘യങ് ഓസ്ട്രേലിയൻ ഓഫ് ദി ഇയർ’ ആയി രാജ്യം ആദരിച്ചിരുന്നു. ലോകകപ്പ് ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ തങ്ങളുടെ വൈവിധ്യമാർന്ന പൈതൃകവും കുടിയേറ്റ വേരുകളും വ്യക്തമാക്കിക്കൊണ്ട് സോക്കറൂസ് ടീം ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. “സോക്കറൂസ് എന്നത് വെറുമൊരു ടീമല്ല, അത് ആധുനിക ഓസ്ട്രേലിയയുടെ പ്രതിഫലനമാണ്” എന്ന് സീനിയർ മിഡ്ഫീൽഡർ ജാക്സൺ ഇർവിനും അതിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജൂണിൽ നാഷണൽ പ്രസ് ക്ലബ്ബിൽ നടത്തിയ പ്രസംഗത്തിൽ ഓസ്ട്രേലിയയിൽ ബഹുസംസ്കാര വാദം പരാജയപ്പെട്ടുവെന്ന് ആരോപിച്ചതിന് പിന്നാലെയാണ്, വൺ നേഷൻ നേതാവ് പോളിൻ ഹാൻസൻ സോക്കറൂസ് ടീമിനെ ഇതിലേക്ക് വലിച്ചിഴച്ചത്. വ്യത്യസ്ത പശ്ചാത്തലത്തിലുള്ളവർ ഒരു പതാകയ്ക്ക് കീഴിൽ ഒന്നിക്കുന്നതിന്റെ വിജയകരമായ ഉദാഹരണമാണ് ദേശീയ ടീം എന്നായിരുന്നു ഹാൻസന്റെ വാദം. എന്നാൽ ഇതിനെ ശക്തമായി തള്ളിക്കൊണ്ടാണ് മുൻനിര താരം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

