പാലത്തിൽ അതിസാഹസികമായി തൂങ്ങിക്കിടന്ന് പാം പക്ഷിയുടെ ചിത്രം വരച്ചു; മെൽബണിലെ പ്രശസ്ത ഗ്രാഫിറ്റി ആർട്ടിസ്റ്റ് അറസ്റ്റിൽ

മെൽബൺ: മെൽബണിലെ പ്രധാന ലാൻഡ്‌മാർക്കുകളിൽ കുട്ടിക്കാലത്തെ വരകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ വ്യത്യസ്തമായ പക്ഷിയുടെ ചിത്രം വരച്ച് ശ്രദ്ധേയനായ 22-കാരൻ ജാക്ക് ഗിബ്സൺ ബറെൽ പോലീസ് പിടിയിലായി. നഗരത്തിലെ പ്രശസ്തമായ ബോൾട്ടെ പാലത്തിന്റെ 120 മീറ്റർ ഉയരമുള്ള പൈലണിന്റെ മുകളിൽ നിന്ന് താഴേക്ക് കയറിൽ തൂങ്ങിക്കിടന്ന് ‘പാം’ എന്ന് വിളിക്കുന്ന പക്ഷിയുടെ ചിത്രം വരച്ചതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

പാലത്തിന്റെ പൈലണിന് താഴെയുള്ള വാതിൽ ബലമായി തുറന്ന് അകത്തുകയറിയ ജാക്ക്, ഉള്ളിലെ ഗോവണി വഴി മുകളിലെത്തുകയും അവിടെനിന്ന് താഴേക്ക് അബ്സെയിലിംഗ് ചെയ്ത് തൂങ്ങിക്കിടന്നുമാണ് ചിത്രം പൂർത്തിയാക്കിയത്. ഓറഞ്ചും പച്ചയും കലർന്ന ചുണ്ടുകളുള്ള വെളുത്ത പക്ഷിയുടെ ചിത്രം താഴെയുള്ള യാര നദിക്ക് അഭിമുഖമായാണ് വരച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വലിയ രീതിയിലുള്ള പോലീസ് സന്നാഹം സ്ഥലത്തെത്തുകയും ഇത് മണിക്കൂറുകളോളം കനത്ത ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തു. തുടർന്ന് പാലത്തിന് താഴെ വെച്ചാണ് ഇയാളെ പോലീസ് പൊക്കിയത്.

സമാനമായ രീതിയിൽ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇരുന്നൂറിലധികം കേസുകളിൽ നിലവിൽ ജാമ്യത്തിൽ കഴിയുന്ന വ്യക്തിയാണ് ജാക്ക്. നേരത്തെ മെൽബണിലെ പ്രശസ്തമായ ഫ്ലിൻഡേഴ്‌സ് സ്ട്രീറ്റ് ക്ലോക്ക് ടവർ, നൈൻ ബിൽഡിംഗ്, നോവോട്ടെൽ സൗത്ത് വാർഫ് എന്നിങ്ങനെ അതീവ സുരക്ഷയുള്ളതും കയറാൻ അസാധ്യവുമായ പലയിടങ്ങളിലും ഇയാൾ ഈ പക്ഷിയുടെ ചിത്രം വരച്ചിട്ടുണ്ട്. 2023 മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ട്രെയിൻ യാത്രക്കാർക്കും വാഹനയാത്രക്കാർക്കും കാണാൻ കഴിയുന്ന രീതിയിൽ ഇത്തരം ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നത് മെൽബണിൽ വലിയ ചർച്ചയായിരുന്നു.

ഇത്തരം ചിത്രങ്ങൾ വെറുമൊരു കലയാണോ അതോ പൊതുമുതൽ നശിപ്പിക്കലാണോ എന്ന രീതിയിൽ വലിയ സംവാദങ്ങൾ മെൽബണിൽ നടക്കുന്നുണ്ട്. നിയമവിരുദ്ധമായി വരയ്ക്കുന്നതിലാണ് ഇതിന്റെ ഹരം എന്ന് ഗ്രാഫിറ്റി രംഗത്തുള്ളവർ വ്യക്തമാക്കുന്നു. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും അതിസാഹസികമായി കയറിയാണ് പലപ്പോഴും ഇത്തരം ചിത്രങ്ങൾ വരയ്ക്കുന്നത്. ട്രെയിനുകൾക്ക് മുകളിൽ കയറിയും ടണലുകളിലൂടെ ഓടിയും നടത്തുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കിടയിൽ മുൻപ് പലർക്കും ജീവൻ നഷ്ടപ്പെട്ടിട്ടുമുണ്ട്. പ്രതിക്കെതിരെയുള്ള മുൻ കേസുകളിൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഇയാൾ കുറ്റക്കാരനല്ലെന്ന് വാദിച്ചിരുന്നതിനാൽ, വരും ദിവസങ്ങളിൽ കൗണ്ടി കോടതിയിൽ വിശദമായ വിചാരണ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *