മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ; കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ വിപുലമായ തെരച്ചിൽ തുടരുന്നു

കൽപ്പറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തമേഖലയിൽ ഇന്ന് വിപുലമായ തെരച്ചിൽ നടത്തും. കരാർ കമ്പനിയിലെ അഞ്ചു ജീവനക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിന്റെ ഭാഗമായി കെഡാവർ നായ്ക്കളെ ഉൾപ്പെടെ വിന്യസിച്ച് രക്ഷാപ്രവർത്തനം ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടർന്ന് മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്ത് സ്വദേശങ്ങളിലെത്തിക്കാനാണ് തീരുമാനം. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഉച്ചയോടെ മണ്ണിടിച്ചിൽ നടന്ന പ്രദേശം സന്ദർശിക്കും. അതേസമയം പ്രദേശത്ത് കനത്തമഴ തുടരുന്നതിനാൽ പ്രതികൂല കാലാവസ്ഥ തെരച്ചിൽ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയോട് ചേർന്ന മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിർമാണ ജോലികളിലേർപ്പെട്ടിരുന്ന തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ളവർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *