30 വർഷത്തിനിടെ കോടിക്കണക്കിന് യുവാൻ കൈക്കൂലി; ചൈനീസ് മുൻ ഉദ്യോഗസ്ഥന് വധശിക്ഷ

ബെയ്ജിങ്: ചൈനയിലെ നാൻജിങ് വികസന മേഖലയിലെ മുൻ മുതിർന്ന ഉദ്യോഗസ്ഥനായ യാങ് യൂലിന് (Yang Youlin) വൻ അഴിമതിക്കേസിൽ വധശിക്ഷ വിധിച്ചു. ഏകദേശം 30 വർഷത്തിനിടെ 2.21 ബില്യൺ യുവാൻ (ഏകദേശം 325 ദശലക്ഷം യുഎസ് ഡോളർ) കൈക്കൂലി വാങ്ങിയെന്ന കുറ്റമാണ് കോടതി കണ്ടെത്തിയത്.

1993 മുതൽ 2023 വരെ വിവിധ സർക്കാർ പദവികളിലിരിക്കെ പദ്ധതികൾ, ഭൂമി അനുവദിക്കൽ, ബിസിനസ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് അനുകൂല തീരുമാനങ്ങൾ എടുത്തതിന് പകരമായി യാങ് കൈക്കൂലി സ്വീകരിച്ചതായി കോടതി വ്യക്തമാക്കി. കൈക്കൂലിക്ക് പുറമെ പൊതുധന തട്ടിപ്പ്, അധികാരദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലും അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി.

വധശിക്ഷയ്ക്കൊപ്പം യാങിന്റെ മുഴുവൻ വ്യക്തിഗത സ്വത്തുക്കളും കണ്ടുകെട്ടാനും അനധികൃതമായി സമ്പാദിച്ച മുഴുവൻ തുകയും തിരിച്ചുപിടിക്കാനും കോടതി ഉത്തരവിട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായാണ് കേസ് അന്വേഷിച്ച് വിചാരണ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *