ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷം

ദുബായ്: ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതോടെ പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമായി. ആക്രമണത്തിൽ ഒരു പ്രകൃതി വാതക ടാങ്കറിന് തീപിടിച്ചപ്പോൾ മറ്റ് രണ്ട് കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി അന്താരാഷ്ട്ര സമുദ്രസുരക്ഷാ ഏജൻസികൾ അറിയിച്ചു.

ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. തുടർന്ന് ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ, വിപ്ലവ ഗാർഡിന്റെ ചെറു നാവിക ബോട്ടുകൾ എന്നിവ ലക്ഷ്യമാക്കി അമേരിക്ക തിരിച്ചടി നടത്തിയതായി യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. അതേസമയം, ആക്രമണാരോപണങ്ങൾക്കിടെ ഇറാൻ ശക്തമായ തിരിച്ചടിക്ക് മുന്നറിയിപ്പ് നൽകി.

ലോക എണ്ണ-വാതക വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ആക്രമണത്തിന് പിന്നാലെ വർധിച്ചിട്ടുണ്ട്. സംഭവവികാസങ്ങൾ പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങൾക്കും ആഗോള ഊർജവിപണിക്കും പുതിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *