ഷാർജയിൽ നിന്ന് കരാച്ചിയിലേക്ക് പോയ ചരക്കുവിമാനം കാണാതായി; തിരച്ചിൽ തുടരുന്നു

കറാച്ചി : യുഎഇയിലെ ഷാർജയിൽ നിന്ന് പാകിസ്ഥാനിലെ കരാച്ചിയിലേക്ക് പുറപ്പെട്ട ചരക്കുവിമാനം അറബിക്കടലിന് മുകളിൽവച്ച് കാണാതായി. കരാച്ചി ആസ്ഥാനമായുള്ള കെ2 എയർവേയ്‌സിന്റെ ബോയിങ് 737-400 ചരക്കുവിമാനമാണ് അഞ്ച് ജീവനക്കാരുമായി യാത്രയ്ക്കിടെ റഡാറിൽ നിന്ന് അപ്രത്യക്ഷമായത്.

കരാച്ചിയിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് വിമാനത്തിലെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ ഉണ്ടായതായി പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നു. തുടർന്ന് വിമാനത്തിന്റെ ഉയരത്തിൽ അസാധാരണമായ മാറ്റങ്ങൾ രേഖപ്പെടുത്തിയശേഷം റഡാർ-റേഡിയോ ബന്ധം പൂർണമായും നഷ്ടപ്പെടുകയായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

സംഭവത്തെ തുടർന്ന് പാകിസ്ഥാൻ നാവികസേന, വ്യോമസേന, സിവിൽ ഏവിയേഷൻ അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ-രക്ഷാപ്രവർത്തനം ആരംഭിച്ചു. അറബിക്കടലിലെ പ്രതികൂല കാലാവസ്ഥയും പ്രക്ഷുബ്ധമായ കടലുമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *